ചട്ടക്കാരിയിലൂടെ മലയാളികളുടെ മനസില്‍ കൃത്യമായി പതിഞ്ഞ മുഖമാണ് ഷംന കാസിമിന്റേത്. സിനിമ പ്രതീക്ഷിച്ചത്ര ഹിറ്റായില്ലെങ്കിലും ഷംനയുടെ ക്യാരക്ടര്‍ ഹിറ്റാണെന്ന് തന്നെ പറയാം.
സിനിമയില്‍ തന്നെ നില്‍ക്കാനാണ് ഇപ്പോള്‍ ആഗ്രഹമെന്നും നാലഞ്ച് വര്‍ഷത്തേക്ക് കല്ല്യാണത്തെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നാണ് താരം പറയുന്നത്.[]
ഇനി അഥവാ വിവാഹം ചെയ്യുകയാണെങ്കില്‍ തന്റെ സ്വദേശമായ കണ്ണൂരില്‍ നിന്നും ഒരു ചൊങ്കന്‍ പയ്യനെയാണ് പ്രതീക്ഷിക്കുന്നതെന്നും ഷംന പറയുന്നു.
ചട്ടക്കാരിയിലെ നായകനായ ഹേമന്ദുമായി പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ താനില്ലെന്നും ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും വീട്ടുകാര്‍ തീരുമാനിക്കുന്ന പയ്യനെ കെട്ടാനാണ് താത്പര്യമെന്നുമാണ് ഷംനയ്ക്ക് പറയാനുള്ളത്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ഓഫറുകളാണ് ഷംനയെ തേടിയെത്തുന്നത്. എന്നാല്‍ പല ചിത്രങ്ങളും സമയക്കുറവ് മൂലം ഉപേക്ഷിക്കുകയാണെന്നാണ് ഷംന പറയുന്നത്.
ചട്ടക്കാരിപോലുള്ള നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കും. സിനിമയില്‍ സജീവമാകാനാണ് ആഗ്രഹം. നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്- ഷംന പറഞ്ഞു.