മലയാളസിനിമയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്ക്കുന്ന നടനാണ് ഷമ്മി തിലകന്‍. കരിയറില്‍ കൂടുതലും ചെയ്തിട്ടുള്ളത് വില്ലന്‍ വേഷമാണെങ്കിലും അതിലെല്ലാം തന്റേതായ ശൈലി കൊണ്ടുവരാന്‍ ഷമ്മിക്ക് സാധിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റെന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വിലായത്ത് ബുദ്ധയിലും തന്റെ പ്രകടനം കൊണ്ട് ഷമ്മി തിലകന്‍ പ്രേക്ഷകരെ ഞെട്ടിച്ചു.
സിനിമാ കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും തനിക്ക് വേണ്ടി അച്ഛന്‍ ആരോടും അധികം ശുപാര്‍ശ ചെയ്യാറില്ലായിരുന്നെന്ന് പറയുകയാണ് ഷമ്മി തിലകന്‍. ആകെ ഒരൊറ്റ സിനിമയില്‍ മാത്രമാണ് തന്നെ റെക്കമെന്‍ഡ് ചെയ്തിട്ടുള്ളതെന്നും അത് കരിയറില്‍ വഴിത്തിരിവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരകള്‍ എന്ന സിനിമയിലേക്കാണ് അച്ഛന്‍ തന്നെ ശുപാര്‍ശ ചെയ്തതെന്ന് താരം പറയുന്നു.
ഷമ്മി തിലകന്‍ Photo: Screen grab/ Cue Studio
വരക്കാനുള്ള തന്റെ കഴിവാണ് ഇരകളിലേക്ക് എത്തിച്ചതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അച്ഛന്റെ കൂടെ നാടകങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന സമയത്ത് പോര്‍ട്രെയ്റ്റുകള്‍ വരക്കുന്ന സ്വഭാവമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരകളിലേക്ക് വഴി തുറന്നത് ആ കഴിവായിരുന്നെന്നും താരം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍.
‘ഇരകളുടെ കഥപറയാന്‍ വേണ്ടി ജോര്‍ജ് സാര്‍ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ വരച്ച ചില പടങ്ങള്‍, പി.ജെ ആന്റണി സാറിന്റെയും അരവിന്ദന്‍ സാറിന്റെയും പോര്‍ട്രെയ്റ്റുകള്‍ വീട്ടിലെ ഹാളില്‍ വെച്ചിട്ടുണ്ടായിരുന്നു. ജോര്‍ജ് സാര്‍ ഇരിക്കുന്ന ഭാഗത്തായിരുന്നു അത്. ‘ഇതാരാ വരച്ചത്’ എന്ന് ജോര്‍ജ് സാര്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ എന്റെ പേര് പറഞ്ഞു.
‘കൊള്ളാം, നന്നായിട്ടുണ്ട്’ എന്നായിരുന്നു ജോര്‍ജ് സാറിന്റെ കമന്റ്. അച്ഛന്‍ കുറച്ചുനേരം ആലോചിച്ച് ഇരുന്നിട്ട് ‘പുതിയ പടത്തില്‍ ഒരു വേഷമുണ്ടെങ്കില്‍ ഷമ്മിക്ക് കൊടുത്തേക്ക്’ എന്ന് പറഞ്ഞു. ജോര്‍ജ് സാര്‍ ആ കാര്യം മനസില്‍ ആലോചിക്കുകയായിരുന്നു. അച്ഛന്‍ അതിനെ സ്‌ട്രോങ്ങാക്കി. എനിക്ക് വേണ്ടി അച്ഛന്‍ ആ ഒരൊറ്റ പടത്തില്‍ മാത്രമേ റെക്കമെന്‍ഡ് ചെയ്തിട്ടുള്ളൂ’ ഷമ്മി തിലകന്‍ പറഞ്ഞു.
ഇരകള്‍ Photo: Screen grab/ Musiczone movies
നാടക റിഹേഴ്‌സല്‍ ക്യാമ്പുകളുടെ സമയത്ത് തന്നെ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെന്ന് ഷമ്മി തിലകന്‍ പറയുന്നു. കോലങ്ങള്‍ എന്ന സിനിമയിലേക്ക് തന്നെ സെലക്ട് ചെയ്തതാണെന്നും എന്നാല്‍ ആ സമയത്ത് താന്‍ വളരെ ചെറുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയലോഗ് പറയാനുള്ള മെച്ചുരിറ്റിയില്ലാത്തതിനാല്‍ ആ അവസരം നഷ്ടമായെന്നും താരം പറഞ്ഞു.
Content Highlight: Shammi Thilakan saying Thilakan recommended for Irakal movie