| Wednesday, 3rd December 2025, 1:20 pm

അഭിനയമായിരുന്നില്ല, സംവിധാനമായിരുന്നു എന്റെ മോഹം, കമല്‍ ഹാസന്റെ സിനിമയില്‍ ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു: ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടനാണ് ഷമ്മി തിലകന്‍. സ്വന്തം കഴിവിനാല്‍ ഇന്നും മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ ആണ് ഷമ്മിയെ തേടി എത്തുന്നത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയിലൂടെ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഷമ്മി.

അഭിനയമായിരുന്നില്ല മോഹം സംവിധാനം എന്ന മോഹവുമായി സിനിമയിലേക്കു കടന്നു വന്ന വ്യക്തിയാണ് താനെന്ന് ഷമ്മി പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് തരാം ഈ കാര്യം പറഞ്ഞത്. ഒരു അഭിനേതാവ് എന്നതിലപ്പുറം സംവിധാനത്തോടുള്ള ഭ്രമം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഷമ്മി തിലകന്‍ Photo: Screen grab/ Ginger Media entertainments

‘ഞാന്‍ അഭിനയിക്കാന്‍ വേണ്ടി വന്ന ഒരു വ്യക്തിയല്ല. സംവിധാനം എന്ന മോഹവുമായി സിനിമയിലേക്ക് കടന്നു വന്ന ഒരു വ്യക്തിയാണ്’ ഷമ്മി തിലകന്‍ പറഞ്ഞു. തന്റെ അച്ഛനായ തിലകന് വേണ്ടി സിനിമയില്‍ ഒരു രംഗം ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും അച്ഛന്റെ കൂടെ നാടകങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഷമ്മി പറഞ്ഞു.

ചാണക്യന്‍ സിനിമയില്‍ കമല്‍ ഹാസന്റെ ഇന്‍ട്രോ സീനില്‍ താനാണ് ഫോക്കസ് പുള്ളര്‍ ആയി വര്‍ക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സിനിമ രംഗത്തെ ഗുരു കെ.ജി. ജോര്‍ജ്, ഐ.വി ശശി എന്നിവരൊക്കെയാണെന്നും ഷമ്മി പറഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയത്തോടൊപ്പം സംവിധാന രംഗത്ത് പ്രവര്‍ത്തിക്കാനും കടത്തനാടന്‍ അമ്പാടി എന്ന സിനിമയിലൂടെ പ്രേം നസീറിന് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

Chanakyan Photo: IMDB

‘ഇരുന്നൂറോളം മിമിക്രി ആര്‍ട്ടിസ്റ്റുകളെ ട്രൈ ചെയ്തിട്ടും പിന്നീട് ജയറാമിനെ കൊണ്ട് ഡബ്ബ് ചെയ്യാന്‍ ശ്രമിച്ചിട്ടും നസീര്‍ സാറിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവസാനം എന്റെ ഈ ശബ്ദം വേണ്ടി വന്നു. നവോദയ സ്റ്റുഡിയോ ഒരു നടനെ മാത്രമല്ല ഒരു സംവിധായകനെയും ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെയും എല്ലാ രീതിയിലും ഒരു കലാകാരനെ വളര്‍ത്തിയെടുക്കാന്‍ സഹായിച്ചു. നവോദയ അപ്പച്ചന്‍ സാറിനെ എന്നും ഓര്‍ക്കുന്ന കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍,’ ഷമ്മി പറഞ്ഞു.

ജയന്‍ നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നൊരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം അനു മോഹന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Content Highlight: Shammi Thilakan saying he wished work on Behind the camera

We use cookies to give you the best possible experience. Learn more