| Friday, 28th November 2025, 8:14 am

പെര്‍ഫോമന്‍സല്ല, നിങ്ങളുടെ ഉള്ളിലെ ആഗ്രഹമാണ് എന്നില്‍ കാണുന്നത്; തിലകനെ ആര്‍ക്കും മടുത്തിട്ടില്ല: ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വിലായത്ത് ബുദ്ധ’യുടെ ലോഞ്ചിങ് സമയത്ത് തിലകന്‍ വൈബുളള്ള ഒരു കഥാപാത്രമാണ് തൂവെള്ള ഭാസ്‌കരന്‍ എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. നടനും തിലകന്റെ മകനുമായ ഷമ്മി തിലകനാണ് ആ കഥാപാത്രത്തെ വിലായത്ത് ബുദ്ധയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Shammi Thilakan/ Screen grab/ Vilayath Buddha trailer

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളോട് പ്രതികരിക്കുകയാണ് ഷമ്മി തലകന്‍.

‘ഒരു ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ മുമ്പായിരുന്നെങ്കില്‍ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് തിലകന്‍ ആയിരുന്നുവെന്ന് രാജു പറഞ്ഞിരുന്നു. അവരുടെ ഉള്ളില്‍ ഭാസ്‌കരന്‍ മാഷിന്റെ രൂപം എന്ന് പറയുന്നത് തിലകനാണ്. അദ്ദേഹം ഇന്ന് ഇല്ല.

നിങ്ങളില്‍ പലരും എന്നെ തിലകന്‍ എന്ന രീതിയില്‍ എന്നെ വാഴ്ത്തുന്നുണ്ടെങ്കില്‍കൂടിയും, നിങ്ങളുടെ ഉള്ളിലെ ആഗ്രഹമാണ് എന്നില്‍ കാണാന്‍ കഴിയുന്നത്. അല്ലാതെ എന്റെ പെര്‍ഫോമന്‍സില്‍ ഞാന്‍ തിലകനെ അതേപടി പകര്‍ത്തി വെച്ചിരിക്കുന്നത് കൊണ്ടല്ല,’ ഷമ്മി തിലകന്‍ പറഞ്ഞു.

പ്രേക്ഷകര്‍ക്ക് തിലകനെ ഇപ്പോഴും മടുത്തിട്ടില്ലെന്നും അദ്ദേഹത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇതുവരെ കെട്ടടങ്ങിയിയിട്ടില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു. എവിടെയങ്കിലും തിലകന്റെ ഒരു റിസംബ്ലന്‍സ് കണ്ട് കഴിഞ്ഞാല്‍ ഇതാ തിലകന്‍ എന്ന് എല്ലാവരും പറയുന്നതാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

വലിയ സൂപ്പര്‍ സ്റ്റാര്‍ ആകണമെന്നുള്ള ആഗ്രഹം തനിക്കില്ലെന്നും എന്നാല്‍ തന്റെ മകന് ആ ആഗ്രഹം ഉണ്ടാകാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.തന്റെ അച്ഛനും അങ്ങനെ വലിയ നടനാകണമെന്നുള്ള ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ. ജി.ആര്‍ ഇന്ദുഗോപന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയെത്തിയ ചിത്രം ജയന്‍ നമ്പ്യാര്‍ ആണ് സംവിധാനം ചെയ്തത്.

Content highlight: Shammi Thilakan responds to comments that   his performance in the movie Vilayat Buddha is like Thilakan

We use cookies to give you the best possible experience. Learn more