| Friday, 14th November 2025, 7:11 am

സ്ത്രീ അധിപതിയാകുന്ന മേഖലയിലും ഈ സിനിമ പ്രസക്തമാണ്; ഫെമിനിച്ചി വിളികള്‍ കളിയാക്കലല്ല, അറിവില്ലായ്മ: ഷംല ഹംസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ഫാസില്‍ മുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ഐ.എഫ്.എഫ്.കെയില്‍ പുര്‌സകാരം സ്വന്തമാക്കിയ ചിത്രം മികച്ച നടി, മികച്ച രണ്ടാമത്തെ മലയാള സിനിമ, നവാഗത സംവിധായകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡുകളും നേടിയിരുന്നു. ഇപ്പോള്‍ മലയാള മനോര ആഴ്ച്ചപതിപ്പില്‍ ഫെമിനിച്ചി ഫാത്തിമയെ കുറിച്ച് സംസാരിക്കുകയാണ നടി ഷംല ഹംസ.

പുരുഷാധിപത്യം മാത്രമല്ല, മറിച്ച് ഒരു സ്ത്രീ അധിപതിയാകുന്ന മേഖലയിലും ഫെമിനിച്ചി ഫാത്തിമ പ്രസക്തമാണെന്ന് ഷംല പറയുന്നു. സമൂഹത്തില്‍ ആധിപത്യം കാണിക്കുന്ന സ്ത്രീകളും ഉണ്ടെന്നും അതുപോലെ വീട്ടില്‍ ഇരുന്ന് മക്കളെ നോക്കുന്ന ഭര്‍ത്താക്കന്മാരും ഉണ്ടെന്നും നടി പറഞ്ഞു.

‘പ്രശ്‌നം ഉണ്ടാകുന്നത് നമ്മളെ പ്രൊവൈഡ് ചെയ്യുന്നവര്‍ നമ്മളെ വില കുറച്ചു കാണുമ്പോഴും സഹാനുഭൂതിയില്ലാതെ പെരുമാറുമ്പോഴുമാണ്. തൊഴിലിടത്തില്‍ ഉന്നത പദവിയിലുള്ളവര്‍ നമുക്കുമേല്‍ അധികാരം കാണിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരമില്ലേ. അതുതന്നെയാണ് എല്ലായിടത്തും ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ സമൂഹത്തില്‍ എല്ലായിടത്തും ഫെമിനിച്ചി ഫാത്തിമ പ്രസക്തമാണ്,’ഷംല ഹംസ പറയുന്നു.

താന്‍ അത്തരം പ്രശ്‌നങ്ങള്‍ ഒരിക്കലും നേരിട്ടിട്ടില്ലെന്നും എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ത്തന്നെ തന്റെ രീതിയില്‍ അതു പരിഹരിച്ച് മുന്നോട്ടു പോകുന്ന ആളാണ് താനെന്നും ഷംല പറഞ്ഞു. ഫാത്തിമയും താനും തമ്മില്‍ ഒരുപാടു വ്യത്യാസമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഫെമിനിച്ചി എന്ന കളിയാക്കി വിളികളോട് എന്താണു പറയാനുള്ളതെന്ന ചോദ്യത്തോടും ഷംല പ്രതികരിച്ചു.

നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മോഡേണായി നടന്നാല്‍ ഫെമിനിച്ചി എന്നാണു പറയുകയെന്നും അതൊരു കളിയാക്കലായി തനിക്കു തോന്നിയിട്ടില്ലെന്നും ഷംല പറയുന്നു. അത് അറിവില്ലായ്മയാണെന്നും
ആ വാക്കിന്റെ അര്‍ഥം അറിയാതെ കളിയാക്കി വിളിക്കുന്നവരോട് തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ഷംല പറഞ്ഞു.

Content highlight: Shamla Hamza on the relevance of the movie Feminichi Fatima

We use cookies to give you the best possible experience. Learn more