| Monday, 3rd November 2025, 4:21 pm

ഷൈനിങ് ഷംല, ആദ്യ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് നേടിയവരുടെ പട്ടികയിലേക്ക് ഷംലയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വസ്ഥമായി കിടന്നുറങ്ങാന്‍ വേണ്ടി ഒരു സാധാരണ വീട്ടമ്മ നടത്തുന്ന പരിശ്രമങ്ങള്‍ യാതൊരു അതിശയോക്തിയുമില്ലാതെ തിരശ്ശീലയില്‍ അവതരിപ്പിച്ച് പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയിരിക്കുകയാണ് ഷംല ഹംസ. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജീവിച്ച് ഒടുവില്‍ ഫെമിനിച്ചിയായി മാറുന്ന ഫാത്തിമയെ അവതരിപ്പിച്ചതിനാണ് ഷംലയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയിലേക്കാണ് ഷംല നടന്നുകയറിയത്. സംയുക്ത വര്‍മ, നവ്യാ നായര്‍, രജിഷ വിജയന്‍ എന്നിവരുടെ ചരിത്ര ലിസ്റ്റില്‍ ഷംലയും ഇടം പിടിച്ചിരിക്കുകയാണ്. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പേ ഷംലയുടെ പേരായിരുന്നു എല്ലായിടത്തും ഉയര്‍ന്നുകേട്ടത്.

നവാഗതനായ ഫാസില്‍ മുഹമ്മദാണ് ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്തത്. താമര്‍ കെ.വി നിര്‍മിച്ച ചിത്രം 2024 ഐ.എഫ്.എഫ്.കെയില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് തവണയും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച സിനിമയായി പ്രേക്ഷകര്‍ തെരഞ്ഞെടുത്തിരുന്നു. 2024ല്‍ സെന്‍സര്‍ ചെയ്ത ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ തിയേറ്ററിലെത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഫെമിനിച്ചി ഫാത്തിമക്ക് ലഭിച്ചത്.

Content Highlight: Shamla Hamsa won the Best Actress in Kerala State Film Awards

We use cookies to give you the best possible experience. Learn more