ന്യൂദല്‍ഹി: ഇസ്രഈല്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
തന്റെ സുഹൃത്തായ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലജ്ജയില്ലാതെ പ്രതിരോധിക്കുകയായിരുന്നു മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു.
ഇന്ത്യ ഇസ്രഈലിനെ പിന്തുണച്ചത് താന്‍ ജനിച്ച ദിവസം തന്നെയാണെന്ന മോദിയുടെ പരാമര്‍ശത്തെയും അദ്ദേഹം പരിഹസിച്ചു.
ഇസ്രഈലിന്റെ രൂപികരണവുമായി ബന്ധപ്പെട്ട് 1947 ജൂണ്‍ 11ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് കത്തെഴുതിയിരുന്നുവെന്ന് അതുമായി ബന്ധപ്പെട്ടുള്ള കത്തുകള്‍ ചൂണ്ടിക്കാട്ടികൊണ്ട് ജയറാം രമേശ് പറഞ്ഞു.
1949 നവംബര്‍ 5 ന്, പ്രിന്‍സ്റ്റണിലെ ഐന്‍സ്റ്റീന്റെ വീട്ടില്‍ വെച്ച് ഇരുവരും കണ്ടുമുട്ടി. 1952 നവംബറില്‍, ഐന്‍സ്റ്റീന് ഇസ്രഈല്‍ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു, അത് അദ്ദേഹം നിരസിച്ചു. 1955 ഏപ്രിലില്‍ അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുമ്പ്, ഐന്‍സ്റ്റീനും നെഹ്റുവും ആണവ സ്‌ഫോടനങ്ങളുടെയും ആയുധങ്ങളുടെയും വിഷയത്തില്‍ കത്തുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂതരോട് ഇന്ത്യയ്ക്ക് വലിയ അനുഭാവമുണ്ടെങ്കിലും മറ്റൊരു ജനതയുടെ മേല്‍ ബലം പ്രയോഗിച്ച് അവകാശങ്ങള്‍ സ്ഥാപിക്കുന്നത് ശരിയെല്ലെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്.
ദേശീയ താത്പര്യങ്ങളും മനുഷ്യത്വപരമയ നിലപാടുകളും തമ്മിലുളള സന്തുലിതാവസ്ഥ നെഹ്‌റു സൂക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.
‘ഫലസ്തീനിന്റെ ഈ പ്രശ്‌നത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, ഇരുവശത്തും ഈ വിഷയത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലഘുലേഖകളും വായിച്ചിട്ടുണ്ട്. എന്നിട്ടും എനിക്ക് ഇതിനെക്കുറിച്ച് എല്ലാം അറിയാമെന്നോ എന്തുചെയ്യണമെന്നോ സംബന്ധിച്ച് അന്തിമ അഭിപ്രായം പറയാന്‍ ഞാന്‍ പ്രാപ്തനാണെന്നോ എനിക്ക് പറയാനാവില്ല.
ജൂതന്മാര്‍ ഫലസ്തീനില്‍ അത്ഭുതകരമായ ഒരു പ്രവൃത്തി ചെയ്തുവെന്നും അവിടത്തെ ജനങ്ങളുടെ നിലവാരം ഉയര്‍ത്തിയെന്നും എനിക്കറിയാം, പക്ഷേ ഒരു ചോദ്യം എന്നെ അലട്ടുന്നു. ഈ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കെല്ലാം ശേഷവും, അറബികളുടെ പ്രീതി നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടത് എന്തുകൊണ്ട്?
അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ചില ആവശ്യങ്ങള്‍ക്ക് അറബികളെ കീഴടങ്ങാന്‍ അവര്‍ എന്തിനാണ് നിര്‍ബന്ധിക്കുന്നത്? ഒരു ഒത്തുതീര്‍പ്പിലേക്ക് നയിക്കാത്ത സമീപനമാണ് സ്വീകരിച്ചത്, സംഘര്‍ഷം തുടരുന്നതിലേക്ക് നയിച്ചു. തെറ്റ് ഒരു കക്ഷിയില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് എല്ലാവരും തെറ്റ് ചെയ്തിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല,’ നെഹ്‌റുവിന്റെ കത്തില്‍ പറയുന്നു.
ഫലസ്തീനില്‍ ബ്രിട്ടീഷ് ഭരണം തുടരുന്നതില്‍ നിന്നാണ് പ്രധാന ബുദ്ധിമുട്ട് ഉണ്ടായതെന്നും നെഹ്റു നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മോദി ഇസ്രഇലില്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി പോയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇസ്രഈലിനൊപ്പം നില്‍ക്കുമെന്ന് മോദി പറഞ്ഞു.
2023 ഒക്ടോബറിലെ ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ട് സംസാരിക്കവെ, ഈ നിമിഷവും അടുത്ത നിമിഷവും ഇന്ത്യ ഇസ്രഈലിനൊപ്പം ഉറച്ചുനില്‍ക്കുന്നെന്ന് പ്രസ്താവിച്ചിരുന്നു.
‘നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളുടെ ദുഖം ഞങ്ങള്‍ പങ്കിടുന്നു. ഈ നിമിഷത്തിലും അതിന് ശേഷവും പൂര്‍ണബോധ്യത്തോടെ ഇന്ത്യ ഇസ്രഈലിനൊപ്പം ഉറച്ചുനില്‍ക്കുന്നു’ മോദി ഇസ്രഈല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ഇസ്രഈലുമായുള്ള ബന്ധം രക്തം കൊണ്ടും ത്യാഗം കൊണ്ടും രചിക്കപ്പെട്ടതാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് 4000ത്തിലേറ ഇന്ത്യന്‍ സൈനികര്‍ ഈ പ്രദേശത്ത് ജീവന്‍ വെടിഞ്ഞുവെന്നും മോദി പറഞ്ഞു.
മോദിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യ-ഇസ്രഈല്‍ സഖ്യം വലുതാണെന്ന് പറഞ്ഞു.
Content Highlight: Shameless defense; Congress against Narendra Modi’s speech in the Israeli parliament