നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ചിരിക്കുകയാണ് ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രധാന കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സിനിമയിൽ എത്തുന്ന സഹകഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും നൽകുന്നു എന്നതാണ് ഗിരീഷ് എ.ഡി. സിനിമകളുടെ പ്രത്യേകത.
ഗിരീഷ് എ.ഡി.യുടെ പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഷമീർ ഖാൻ. പ്രേമലുവിലെ സുബിൻ എന്ന കഥാപാത്രത്തിലൂടെയാണ് ഷമീർ പ്രേക്ഷകശ്രദ്ധ നേടിയത്.
തുടർന്ന്, വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കൂട്ടുകാരനായ ബ്രെറ്റോയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ബെത്‌ലഹേമിൽ വളരെ അനായാസവും സ്വാഭാവികമായും ഷമീർ പറഞ്ഞ കൗണ്ടറുകളെല്ലാം തിയേറ്ററിൽ ചിരി പടർത്തിയവയായിരുന്നു.
ഷമീർ ഖാൻ. Photo. Screen Grab/ Youtube
സിനിമകൾക്ക് പുറമെ ചൂരൽ എന്ന യൂട്യൂബ് ചാനൽ വഴിയും ഷമീർ ഖാൻ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഷമീർ.
അഭിനയത്തിലേക്ക് എത്തിയത് ഏറെക്കാലത്തെ ആഗ്രഹത്തിന്റെ ഭാഗമായിരുന്നില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ചുണ്ടായ തീരുമാനമായിരുന്നുവെന്നും ഷമീർ പറയുന്നു.
‘അഭിനയം അങ്ങനെ ആഗ്രഹിച്ച് നടന്ന ആളായിരുന്നില്ല ഞാൻ. പിന്നെ ഗൾഫിൽ ജോലി ചെയ്ത സമയത്ത് അത് നടക്കില്ലെന്ന് കണ്ടപ്പോഴുണ്ടായ ഒരു പ്ലാൻ ആയിരുന്നു. അങ്ങനെ പിന്നെ സ്‌ക്രിപ്റ്റിങ് പരിപാടിയിലേക്ക് കടന്നു.
പിന്നെ ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം എന്ന സീരിയലിന്റെ സ്‌ക്രിപ്റ്റ് ചെയ്തു. അങ്ങനെ കുറേ കാര്യങ്ങൾ ചെയ്തു. അതിന്റെ കൂടെ തന്നെ പിന്നെ ഞാൻ ചൂരൽ എന്ന് പറഞ്ഞ യൂട്യൂബ് ചാനൽ തുടങ്ങി. അത് കഴിഞ്ഞപ്പോഴാണ് എന്നെ ഖൽബ്ലേക്ക് വിളിക്കുന്നത്. അത് കഴിഞ്ഞ ഉടനെ പ്രേമലുവിലേക്ക് കോൾ വരുന്നത്,’ നടൻ പറഞ്ഞു.
‘പ്രേമലു’വിലേക്ക് തന്നെ റെക്കമെൻഡ് ചെയ്തത് സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരനാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നുവെന്നും ഷമീർ പറയുന്നു.
പ്രേമലു. Photo. IMDb
‘പ്രേമലുവിലേക്ക് എന്നെ റെക്കമെൻഡ് ചെയ്തത് ശ്യാം പുഷ്‌കരനാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. കാരണം അദ്ദേഹത്തിന്റെ കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിട്ട് ഞാൻ എന്റെ സഹോദരൻ ജാസിമിനോട് പറയുമായിരുന്നു. നമ്മൾ ഇനി എന്ത് ചെയ്യും, ഇത്രയും നന്നായിട്ട് സിനിമ ചെയ്യുമ്പോൾ നമ്മളൊക്കെ ഇതിന്റെ പുറകെ നടന്നിട്ട് കാര്യമുണ്ടോ എന്ന് അപ്പോഴൊക്കെ ജാസിം പറയുമായിരുന്നു, അളിയാ, എങ്ങനെയെങ്കിലും ആ ടീമിൽ കയറി പറ്റണമെന്ന്.
അതുകൊണ്ട് ശ്യാം പുഷ്‌കരനാണ് എന്നെ പ്രേമലുവിലേക്ക് റെക്കമെൻഡ് ചെയ്തത് എന്ന് കേട്ടപ്പോൾ എനിക്ക് അത് ഭയങ്കര സംഭവമായിരുന്നു. അത് ഞാൻ ഈയിടെ പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടുമുണ്ടായിരുന്നു,’ ഷമീർ ഖാൻ പറഞ്ഞു.