| Sunday, 31st May 2026, 9:10 am

കൂടുതൽ ഭക്ഷണം കഴിക്കുന്നതുകൊണ്ടല്ല വണ്ണം കൂടിയിരിക്കുന്നത്; സിനിമാ മേഖലയിൽ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്: ശാലിൻ സോയ

നന്ദന എം.സി

ബാലതാരമായി മലയാള ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് സിനിമയിലും ശ്രദ്ധ നേടിയ നടിയാണ് ശാലിൻ സോയ. എന്നാൽ മല്ലു സിങ്ങിലെ കഥാപാത്രമാണ് താരത്തെ മലയാളികൾക്കിടയിൽ കൂടുതൽ സുപരിചിതയാക്കിയത്.

മലയാളത്തിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ തമിഴ് സിനിമയിലും ടെലിവിഷൻ രംഗത്തുമാണ് കൂടുതൽ സജീവം. തമിഴിൽ പുറത്തിറങ്ങിയ കണ്ണകി എന്ന ചിത്രത്തിലൂടെ മികച്ച സ്വീകാര്യത നേടിയ ശാലിൻ, തമിഴ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹവും പിന്തുണയും തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് തുറന്നു പറഞ്ഞു.

ശാലിൻ സോയ, Photo: YouTube/ Screengrab

ഒരു അഭിമുഖത്തിനിടെയാണ് മലയാളം മീഡിയയാണോ തമിഴ് മീഡിയയാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ശാലിൻ മറുപടി നൽകിയത്. യാതൊരു സംശയവുമില്ലാതെ തമിഴ് മീഡിയ തന്നെയാണ് തനിക്ക് കൂടുതൽ പ്രിയമെന്ന് താരം പറഞ്ഞു. തമിഴ് പ്രേക്ഷകർ തനിക്ക് നൽകുന്ന സ്നേഹവും പിന്തുണയും പലപ്പോഴും വികാരാധീനയാക്കാറുണ്ടെന്നും ശാലിൻ വ്യക്തമാക്കി.

‘തമിഴ് മീഡിയ തന്നെ. അതിൽ എന്താണ് സംശയം? എനിക്ക് ഭയങ്കര അധികം സ്നേഹം തമിഴ് ജനങ്ങൾ തരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ച് എന്തെങ്കിലും ചർച്ചകൾ വരുമ്പോൾ പലപ്പോഴും തമിഴ് പ്രേക്ഷകരാണ് എന്നെ പിന്തുണച്ച് സംസാരിക്കുന്നത്. ചിലർ എന്നെക്കുറിച്ച് പ്രത്യേക കുറിപ്പുകൾ പോലും എഴുതാറുണ്ട്. മലയാളികളിൽ നിന്ന് അത്തരമൊരു പിന്തുണ അധികം അനുഭവിച്ചിട്ടില്ല. തമിഴ് പ്രേക്ഷകരുടെ സ്നേഹം കാണുമ്പോൾ പലപ്പോഴും കണ്ണ് നിറയാറുണ്ട്,’ എന്നാണ് ശാലിൻ പറഞ്ഞത്.

അതേസമയം സിനിമാ മേഖലയിലെ ബോഡി ഷെയിമിങ്ങിനെതിരെയും താരം ശക്തമായി പ്രതികരിച്ചു. ശരീരഭാരത്തിന്റെ പേരിൽ ഇന്നും സിനിമാ രംഗത്ത് ആളുകൾ വിമർശനങ്ങൾ നേരിടുന്നുണ്ടെന്നും അത് തീർത്തും തെറ്റായ പ്രവണതയാണെന്നും ശാലിൻ അഭിപ്രായപ്പെട്ടു.

ശാലിൻ സോയ, Photo: YouTube/ Screengrab

‘വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ സിനിമാ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകളെ ബോഡി ഷെയിം ചെയ്യാറുണ്ട്. സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത് ഒരിക്കലും ശരിയായ കാര്യമല്ല,’ താരം പറഞ്ഞു.

ഓരോ വ്യക്തിക്കും വ്യത്യസ്തമായ ആരോഗ്യ സാഹചര്യങ്ങളാണുള്ളതെന്നും പുറമേ കാണുന്നതിന്റെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തരുതെന്നും ശാലിൻ കൂട്ടിച്ചേർത്തു. ‘ഞാൻ കൂടുതൽ ഭക്ഷണം കഴിക്കുന്നതുകൊണ്ടല്ല വണ്ണം കൂടിയിരിക്കുന്നത്. എനിക്ക് ഗ്യാസ്ട്രിക് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ശരീരഭാരം കൂടിയത്. ഇത്തരം കാര്യങ്ങൾ മറ്റാർക്കും അറിയില്ല. അത് അനുഭവിക്കുന്ന വ്യക്തിക്കാണ് യഥാർത്ഥ സാഹചര്യം അറിയുക,’ എന്നും താരം വ്യക്തമാക്കി.

തമിഴ് പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചും സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ബോഡി ഷെയിമിങ് സംസ്കാരത്തെക്കുറിച്ചും ശാലിൻ സോയ നടത്തിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Content Highlight: Shalin Zoya says body shaming is common in the film industry

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more