| Thursday, 19th January 2023, 11:41 am

ശകുന്തള - ദുഷ്യന്തന്‍ പ്രണയകഥയുമായി സാമന്ത; 'ശാകുന്തള'ത്തിലെ പാട്ടെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ‘ശാകുന്തള’ത്തിലെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ശകുന്തളയുടെ കഥപറയുന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറയാണ്. മണി ശര്‍മ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദാണ്.

മലയാളത്തിലെ യുവ താരം ദേവ് മോഹനാണ് ചിത്രത്തില്‍ ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ഫെബ്രുവരി 17ന് തിയേറ്ററിലെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയിലാണ് റിലീസ് ചെയ്യുക.

ശകുന്തള-ദുഷ്യന്തന്‍ പ്രണയത്തെ ശകുന്തളയുടെ വീഷണകോണില്‍ നിന്നുമാണ് സിനിമ അവതരിപ്പിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുണ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിലെ ദില്‍ രാജുവാണ്. വിജയ് നായകനായി പൊങ്കലിന് തിയേറ്ററുകളിലെത്തിയ വാരീസ് എന്ന സിനിമയും നിര്‍മിച്ചത് ദില്‍ രാജുവാണ്.

CONTENT HIGHLIGHT: SHAKUNDALAM MOVIE LIRICAL VIDEO

We use cookies to give you the best possible experience. Learn more