| Monday, 25th August 2025, 12:04 pm

വിക്കറ്റെടുത്തവരില്‍ ഏറ്റവുമധികം റണ്‍സ്, റണ്‍സടിച്ചവരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; ഐക്കോണിക് ഡബിളുമായി ഷാകിബ്

സ്പോര്‍ട്സ് ഡെസ്‌ക്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഫാല്‍ക്കണ്‍സിന്റെ വിജയം.

പേട്രിയറ്റ്‌സ് ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഫാല്‍ക്കണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രണ്ട് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവിലാണ് ഫാല്‍ക്കണ്‍സ് വിജയിച്ചുകയറിയത്.

രണ്ട് ഓവര്‍ പന്തെറിഞ്ഞ് 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം 18 പന്തില്‍ 25 റണ്‍സും നേടി.

മത്സരത്തില്‍ മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടത്തിലും ഷാകിബ് ഇടം നേടി. ടി-20 ഫോര്‍മാറ്റില്‍ 500 വിക്കറ്റുകളെന്ന നേട്ടത്തിലാണ് ഷാകിബ് ഇടം പിടിച്ചത്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാം താരമാണ് ഷാകിബ്. നിലവില്‍ 502 വിക്കറ്റുകളാണ് ഷാകിബിന്റെ പേരിലുള്ളത്.

കരിയറിലെ 448ാം ഇന്നിങ്‌സിലാണ് ഷാകിബ് ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്. 21.43 ശരാശരിയിലും 18.9 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. കരിയറില്‍ 12 തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷാകിബ് അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 6/6 ആണ് കരിയര്‍ ബെസ്റ്റ് പ്രകടനം.

ബംഗ്ലാദേശിനും ഫാല്‍ക്കണ്‍സിനും പുറമെ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവന്‍, ബാര്‍ബഡോസ് ട്രൈഡന്റ്സ്, ധാക്ക ഡൈനമിറ്റ്സ്, ധാക്ക ഗ്ലാഡിയേറ്റേഴ്സ്, ദുബായ് ക്യാപിറ്റല്‍സ്, ഫോര്‍ച്യൂണ്‍ ബാരിഷാല്‍, ഗല്ലെ ടൈറ്റന്‍സ്, ജെംകോണ്‍ ഖുല്‍ന, ഗയാന ആമസോണ്‍ വാറിയേഴ്സ്, ജമൈക്ക താല്ലവാസ്, കറാച്ചി കിങ്സ്, ഖുല്‍ന ഡിവിഷന്‍, ഖുല്‍ന റോയല്‍ ബംഗാള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലാഹോര്‍ ഖലന്ദേഴ്സ്, ലെസ്റ്റര്‍ഷയര്‍, ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ്, മെല്‍ബണ്‍ റെനഗെഡ്സ്, മുഹമ്മദന്‍ സ്പോര്‍ട്ടങ് ക്ലബ്ബ്, പെഷവാര്‍ സാല്‍മി, പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബ്ബ്, രംഗ്പൂര്‍ റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, വോര്‍സെസ്റ്റര്‍ഷയര്‍ എന്നിവര്‍ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – 483 – 660

ഡ്വെയ്ന്‍ ബ്രാവോ – 546 – 631

സുനില്‍ നരെയ്ന്‍ – 547 – 590

ഇമ്രാന്‍ താഹിര്‍ – 419 – 554

ഷാകിബ് അല്‍ ഹസന്‍ – 448 – 502*

ആന്ദ്രേ റസല്‍ – 498 – 487

വിക്കറ്റ് വേട്ടയില്‍ ഒന്നാമനാകാന്‍ സാധിച്ചില്ലെങ്കിലും ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയവരിലെ റണ്‍ വേട്ടക്കാരനും ഏറ്റവുമധികം റണ്ണടിച്ചവരിലെ വിക്കറ്റ് വേട്ടക്കാരനും ഷാകിബ് തന്നെയാണ്.

ടി-20യില്‍ 500+ വിക്കറ്റ് നേടിയ താരങ്ങളിലെ റണ്‍വേട്ടക്കാരന്‍

(താരം – വിക്കറ്റ് – റണ്‍സ്)

ഷാകിബ് അല്‍ ഹസന്‍ – 502 – 7,574

ഡ്വെയ്ന്‍ ബ്രാവോ – 631 – 6,970

സുനില്‍ നരെയ്ന്‍ – 590 – 4,649

റാഷിദ് ഖാന്‍ – 660 – 2,662

ഇമ്രാന്‍ താഹിര്‍ – 554 – 377

ടി-20യില്‍ 7,000+ റണ്‍സ് നേടിയ താരങ്ങളിലെ വിക്കറ്റ് വേട്ടക്കാരന്‍

(താരം – റണ്‍സ് – വിക്കറ്റ്)

ഷാകിബ് അല്‍ ഹസന്‍ – 7,574 – 502

ആന്ദ്രേ റസല്‍ – 9,361 – 487

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 13,981 – 332

രവി ബൊപ്പാര – 9,834 – 292

മോയിന്‍ അലി – 7,385 – 260

അതേസമയം, പേട്രിയറ്റ്‌സിനെതിരായ വിജയത്തിന് പിന്നാലെ ഫാല്‍ക്കണ്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി ഏഴ് പോയിന്റാണ് ഫാല്‍ക്കണ്‍സിനുള്ളത്.

ഓഗസ്റ്റ് 28നാണ് ഫാല്‍ക്കണ്‍സിന്റെ അടുത്ത മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content Highlight: Shakib Al Hassan completed 500 wickets in T20

We use cookies to give you the best possible experience. Learn more