കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് സെന്റ് കീറ്റ്സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്സിനെ പരാജയപ്പെടുത്തിയിരുന്നു. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഫാല്‍ക്കണ്‍സ് സ്വന്തമാക്കിയത്.
എസ്.കെ.എന്‍ പേട്രിയറ്റ്സ് ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഫാല്‍ക്കണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചുകയറി. സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവിലാണ് ഫാല്‍ക്കണ്‍സ് ജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് പ്രകടനം കയ്യടി നേടിയിരുന്നു. ബാറ്റെടുത്ത് 25 റണ്‍സ് നേടിയ താരം പന്തെറിഞ്ഞ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഈ പ്രകടനത്തിന് പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളും ഷാകിബ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിരുന്നു. ടി-20യില്‍ 500 വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന നേട്ടവും സി.പി.എല്ലില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡുമാണ് ഷാകിബ് സ്വന്തമാക്കിയത്.
ഫാല്‍ക്കണ്‍സിനെതിരായ മത്സരത്തിന് മുമ്പ് 499 വിക്കറ്റുകളായിരുന്നു ഷാകിബിന്റെ പേരിലുണ്ടായിരുന്നത്. സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഷാകിബ് 500 ടി-20 വിക്കറ്റെന്ന മൈല്‍സ്‌റ്റോണ്‍ പിന്നിട്ടത്. ഈ റെക്കോഡിലെത്തുന്ന അഞ്ചാം താരമെന്ന നേട്ടവും ബംഗ്ലാ ലെജന്‍ഡ് സ്വന്തമാക്കി.
കരിയറിലെ 448ാം ഇന്നിങ്സിലാണ് ഷാകിബ് ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്. 21.43 ശരാശരിയിലും 18.9 സ്ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. കരിയറില്‍ 12 തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷാകിബ് അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 6/6 ആണ് കരിയര്‍ ബെസ്റ്റ് പ്രകടനം.
ബംഗ്ലാദേശിനും ഫാല്‍ക്കണ്‍സിനും പുറമെ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവന്‍, ബാര്‍ബഡോസ് ട്രൈഡന്റ്‌സ്, ധാക്ക ഡൈനമിറ്റ്‌സ്, ധാക്ക ഗ്ലാഡിയേറ്റേഴ്‌സ്, ദുബായ് ക്യാപിറ്റല്‍സ്, ഫോര്‍ച്യൂണ്‍ ബാരിഷാല്‍, ഗല്ലെ ടൈറ്റന്‍സ്, ജെംകോണ്‍ ഖുല്‍ന, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, ജമൈക്ക താല്ലവാസ്, കറാച്ചി കിങ്‌സ്, ഖുല്‍ന ഡിവിഷന്‍, ഖുല്‍ന റോയല്‍ ബംഗാള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലാഹോര്‍ ഖലന്ദേഴ്‌സ്, ലെസ്റ്റര്‍ഷയര്‍, ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ്, മെല്‍ബണ്‍ റെനഗെഡ്‌സ്, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ്, പെഷവാര്‍ സാല്‍മി, പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബ്ബ്, രംഗ്പൂര്‍ റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, വോര്‍സെസ്റ്റര്‍ഷയര്‍ എന്നിവര്‍ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.
സി.പി.എല്ലില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന 55ാം താരമാണ് ഷാകിബ്. 36 ഇന്നിങ്‌സില്‍ നിന്നും 16.00 ശരാശരിയില്‍ 512 റണ്‍സാണ് ഷാകിബ് സ്വന്തമാക്കിയത്. നാല് അര്‍ധ സെഞ്ച്വറികളാണ് സി.പി.എല്ലില്‍ താരത്തിന്റെ പേരിലുള്ളത്.
കരിബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫാല്‍ക്കണ്‍സിന് പുറമെ ബാര്‍ബഡോസ് ട്രൈഡെന്റ്‌സ്, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, ജമൈക്ക താല്ലവാസ് എന്നിവര്‍ക്ക് വേണ്ടിയാണ് ഷാകിബ് കളത്തിലിറങ്ങിയത്.
അതേസമയം, പേട്രിയറ്റ്സിനെതിരായ വിജയത്തിന് പിന്നാലെ ഫാല്‍ക്കണ്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി ഏഴ് പോയിന്റാണ് ടീമിനുള്ളത്.
ഓഗസ്റ്റ് 28നാണ് ഫാല്‍ക്കണ്‍സിന്റെ അടുത്ത മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.
Content Highlight: Shakib Al Hassan completed 500 T20 Wickets and 500 CPL runs