| Wednesday, 17th September 2025, 8:19 am

ഒരു 'വരവ്' കൂടി വരാൻ ഷാജി കൈലാസ്; ഒപ്പം ജോജു ജോർജും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഹിറ്റ് മേക്കറിലൊരാളാണ് ഷാജി കൈലാസ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്ക് താരപദവി ഉണ്ടാക്കിക്കൊടുത്ത സംവിധായകരിലൊരാളാണ് അദ്ദേഹം.

ഡോ. പശുപതി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണർ, ആറാം തമ്പുരാൻ, നരസിംഹം, വല്ല്യേട്ടൻ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ചു.

എന്നാൽ പിന്നീട് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് തുടർപരാജയങ്ങളായിരുന്നു. ചെറിയൊരു ഇടവേളക്ക് ശേഷം അദ്ദേഹം ചെയ്ത സിനിമയായിരുന്നു കടുവ.

ഇപ്പോൾ ജോജു ജോർജിന്റെ കൂടെ ഷാജി കൈലാസ് വീണ്ടും ആക്ഷൻ ചിത്രവുമായി തട്ടകത്തിലേക്ക് വരാനൊരുങ്ങുകയാണ്.

വരവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് എ.കെ. ഷാജൻ ആണ്. വോൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തേ പുറത്ത് വന്നിരുന്നു. ഷാജി കൈലാസ് – ജോജു ജോർജ് കോമ്പോയിൽ വരുന്ന ആദ്യ ചിത്രമാണ് വരവ്.

 revenge is not a ditry ( പ്രതികാരം മോശം കാര്യമല്ല) എന്ന ടാഗ്‌ലൈനിലാണ് ചിത്രം വരുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ പൂർണമായും ആക്ഷൻ ചിത്രമാണിത്. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും താരനിര അണിനിരക്കും. തെന്നിന്ത്യയിലെ നാല് ഫൈറ്റ് മാസ്റ്റേഴ്‌സ് ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ ആയ സുജിത്ത് വാസുദേവ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കും. സാം. സി.എസ്സാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം മറയൂർ, മൂന്നാർ, കാന്തല്ലൂർ എന്നീ ഭാഗങ്ങളിലായി പൂർത്തിയാക്കും.

Content Highlight: Shaji Kailas to make another movie; along with Joju George

We use cookies to give you the best possible experience. Learn more