മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ക്ക് പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായകനാണ് ഷാജി കൈലാസ്. സ്വന്തമായൊരു മേക്കിങ് സ്റ്റൈല്‍ കണ്ടുപിടിച്ച് മോളിവുഡില്‍ ഒരു ബ്രാന്‍ഡായി മാറിയ ഷാജി കൈലാസ് ഒരുപിടി മികച്ച സിനിമകള്‍ ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി പഴയ ലെഗസി ആവര്‍ത്തിക്കാനാകാത്തത് അദ്ദേഹത്തിന് തിരിച്ചടിയായി.
മോഹന്‍ലാലുമായി കൈകോര്‍ത്തപ്പോളെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കാന്‍ ഷാജി കൈലാസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ചില സമയത്ത് ഈ കോമ്പോ നിരാശ സമ്മാനിച്ചിട്ടുമുണ്ട്. വന്‍ ഹൈപ്പിലും ബജറ്റിലും പുറത്തിറങ്ങി പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമകളിലൊന്നാണ് 2009ല്‍ റിലീസായ റെഡ് ചില്ലീസ്. ബോക്‌സ് ഓഫീസില്‍ പരാജയമാവുകയും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയും ചെയ്ത ചിത്രമായിരുന്നു അത്.
ഷാജി കൈലാസ് Photo: Screen grab/ Club FM
ചിത്രത്തിന്റെ പരാജയകാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഷാജി കൈലാസ്. ഇപ്പോള്‍ കാണുന്നത് പോലെയല്ല ആ സിനിമയുടെ തിരക്കഥ ആദ്യം എഴുതിയതെന്ന് ഷാജി കൈലാസ് പറഞ്ഞു. റേഡിയോ ജോക്കികള്‍ക്ക് മാത്രമായിരുന്നു ആദ്യാവസാനം പ്രാധാന്യമെന്നും മോഹന്‍ലാലിന് ആകെ രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.
‘ഈ റേഡിയോ ജോക്കികള്‍ ഒരു പ്രശ്‌നത്തില്‍ പെടുന്നു, ലാലിന്റെ കഥാപാത്രം അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഫോണില്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ആകെ രണ്ടോ മൂന്നോ സീനില്‍ മാത്രമേ ലാല്‍ വരുന്നുള്ളൂ. അങ്ങനെയായിരുന്നു ആദ്യം എഴുതിയ സ്‌ക്രിപ്റ്റില്‍. രണ്ട് ദിവസത്തെ ഡേറ്റായിരുന്നു ലാലിനോട് ചോദിച്ചത്. ഒരു പരീക്ഷണം എന്ന നിലയിലായിരുന്നു ആ പടം എടുക്കാന്‍ തീരുമാനിച്ചത്.
റെഡ് ചില്ലീസ് Photo: Bookmyshow
ആ സമയത്ത് ലാലിന്റെ ഒരു പടം അവസാനനിമിഷം ഡ്രോപ്പായി. ചൈനയില്‍ ഷൂട്ട് ചെയ്യാനിരുന്ന പടമായിരുന്നു. അത് ഡ്രോപ്പായപ്പോള്‍ ലാല്‍ വിളിച്ചിട്ട് ‘അതേ, കൂടുതല്‍ ഡേറ്റ് ഇപ്പോള്‍ ഉണ്ട് കേട്ടോ’ എന്ന് പറഞ്ഞു. അപ്പോള്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ തിരുത്തിയെഴുതി. ലാലിന് കുറേ സീനുകള്‍ നല്‍കി. പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിയത് സിനിമയെ മൊത്തത്തില്‍ ബാധിച്ചു,’ ഷാജി കൈലാസ് പറയുന്നു.
ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമായ വരവ് ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, സുകന്യ, സാനിയ ഇയ്യപ്പന്‍, അഭിമന്യു തിലകന്‍, വാണി വിശ്വനാഥ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ചിന്താമണി കൊലക്കേസ്, ധ്രുവം തുടങ്ങിയ സിനിമകളുടെ കഥയൊരുക്കിയ എ.കെ. സാജനാണ് വരവിന്റെ തിരക്കഥക്ക് പിന്നില്‍.
Content Highlight: Shaji Kailas explaining why Red Chilies movie became failure