ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ആതിഥേയര്‍ക്കെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ അനുവദിക്കാതെ പിടിച്ചുനിന്നിരുന്നു. ന്യൂ ചണ്ഡിഗഢില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കരീബിയന്‍സ് നേടിയത്.
ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് വിജയം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്ത് ശേഷിക്കെ സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു.
ഓപ്പണറായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പ് വിന്‍ഡീസ് ഇന്നിങ്‌സിലെ ആദ്യ പന്ത് മുതല്‍ ടീം വിജയിക്കുന്നത് വരെ കളത്തില്‍ തുടര്‍ന്നിരുന്നു. 143 പന്ത് നേരിട്ട് പുറത്താകാതെ 162 റണ്‍സാണ് താരം സ്വന്തമാക്കിയത്. 17 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഹോപ്പ് സ്വന്തമാക്കി. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരവെ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഹോപ്പ് സ്വന്തമാക്കിയത്.
2009ല്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം ടി.എം. ദില്‍ഷന്‍ നേടിയ 160 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയാക്കിക്കൊണ്ടായിരുന്നു ഹോപ്പിന്റെ തേരോട്ടം.
ചെയ്‌സിങ്ങില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമുയര്‍ന്ന ഏകദിന സ്‌കോര്‍
(താരം – ടീം – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 162* – 2026*
തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 160 – 2009
ആന്‍ഡ്രൂ സ്‌ട്രോസ് – ഇംഗ്ലണ്ട് – 158 – 2011
സനത് ജയസൂര്യ – ശ്രീലങ്ക – 151* – 1997
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ഈ പരമ്പരയില്‍ ആദ്യമായി ബാറ്റിങ്ങിന് അവസരം ലഭിച്ച താരം 87 പന്ത് നേരിട്ട് പുറത്താകാതെ 129 റണ്‍സ് നേടി. പത്ത് ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ രോഹിത് ശര്‍മ, മൂന്നാം മത്സരത്തില്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ കാലിടറി വീണു. 57 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കരുത്തായി.
മൂവരുടെയും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351ലെത്തി.
ഇന്ത്യന്‍ ഇന്നിങ്‌സിലെ 50 ഓവറും വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ ഷായ് ഹോപ്പിനൊപ്പം ബര്‍സാപരയില്‍ സെഞ്ച്വറിയടിച്ച ജോണ്‍ കാംബെല്ലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം മത്സരത്തിലെ മികവ് താരത്തിന് ന്യൂ ചണ്ഡിഗഢില്‍ പുറത്തെടുക്കാനായില്ല. പത്ത് റണ്ണിന് കാംബെല്‍ പുറത്തായി.
വണ്‍ ഡൗണായെത്തിയ ആമിര്‍ ജാംഗുവിനൊപ്പം (56 പന്തില്‍ 67) രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, പിന്നാലെയെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (25 പന്തില്‍ 24), കീമോ പോള്‍ (35 പന്തില്‍ 44), ഗുഡാകേഷ് മോട്ടി (14 പന്തില്‍ 19*) എന്നിവര്‍ക്കൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. ഒക്ടോബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. ലഖ്‌നൗവാണ് വേദി.
Content Highlight: Shai Hope tops the list of players with the highest ODI scores against India while chasing.