| Saturday, 10th October 2026, 3:31 pm

ഇന്ത്യയ്‌ക്കെതിരെ 'ട്രിപ്പിള്‍ സെഞ്ച്വറി', സാക്ഷാല്‍ വാട്‌സണ് ശേഷം ഒരേയൊരാള്‍; ഇവന്‍ വിന്‍ഡീസിന്റെ 'ഹോപ്പ്' തന്നെ

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി കരീബിയന്‍സ് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു.

45 പന്ത് നേരിട്ട് പുറത്താകാതെ 102 റണ്‍സാണ് ഷായ് ഹോപ്പ് സ്വന്തമാക്കിയത്. ആറ് ഫോറും ഒമ്പത് സിക്‌സറും അടക്കം 226.6 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. വ്യക്തിഗത സ്‌കോര്‍ 90ല്‍ നില്‍ക്കവെ അക്‌സര്‍ പട്ടേലിനെ രണ്ട് സിക്‌സറുകള്‍ക്ക് പറത്തിയാണ് ഹോപ്പ് സെഞ്ച്വറിയും ഒപ്പം ടീമിന്റെ വിജയവും സ്വന്തമാക്കിയത്.

ഇതോടെ ഒരു ചരിത്ര നേട്ടവും ഷായ് ഹോപ്പിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സണ് ശേഷം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഹോപ്പ് സ്വന്തമാക്കിയത്.

2025ലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലാണ് ഹോപ്പ് മെന്‍ ഇന്‍ ബ്ലൂവിനെതിരെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയത്.

ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 214 പന്ത് നേരിട്ട് 103 റണ്‍സാണ് ഹോപ്പ് നേടിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ പുറത്താകും മുമ്പ് 12 ഫോറും രണ്ട് സിക്‌സറും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ മത്സരത്തില്‍ വിന്‍ഡീസ് പരാജയപ്പെട്ടു.

ഏകദിനത്തില്‍ അഞ്ച് തവണയാണ് ഹോപ്പ് ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയത്. 162* (2026 ഒക്ടോബര്‍ 3 – ന്യൂ ചണ്ഡിഗഢ്), 123* (2018 ഒക്ടോബര്‍ 24 – വിശാഖപട്ടണം), 115 (2022 ജൂലൈ 24 – പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍), 104 (2026 സെപ്റ്റംബര്‍ 30 – ഗുവാഹത്തി), 102* (2019 ഡിസംബര്‍ 15 – ചെന്നൈ) എന്നിങ്ങനെയാണ് ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസ് നായകന്റെ സെഞ്ച്വറി നേട്ടം.

ഏകദിനത്തില്‍ ഹോപ്പിന്റെ രണ്ടാമത് ഉയര്‍ന്ന സ്‌കോറും (162*) ഇന്ത്യയ്‌ക്കെതിരെയായിരുന്നു.

അന്താരാഷ്ട്ര ടി-20യില്‍ ഇതാദ്യമായാണ് ഹോപ്പ് ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടുന്നത്. ടി-20ഐയില്‍ ഹോപ്പിന്റെ രണ്ടാം സെഞ്ച്വറയാണിത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു താരത്തിന്റെ ആദ്യ സെഞ്ച്വറി (102*) പിറവിയെടുത്തത്.

ഒരു ടീമിനെതിരെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – എതിരാളികള്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ (ഇന്ത്യ) – സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്

കെ.എല്‍. രാഹുല്‍ (ഇന്ത്യ) – വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്

ബാബര്‍ അസം (പാകിസ്ഥാന്‍) – ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്

തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക) – ന്യൂസിലാന്‍ഡ്

ഷെയ്ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ) – ഇന്ത്യ

മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍) – സൗത്ത് ആഫ്രിക്ക

ഷായ് ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്) – ഇന്ത്യ*

അതേസമയം, റാഞ്ചിയിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചു.

ഒക്ടോബര്‍ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറാണ് വേദി.

Content highlight: Shai Hope has scored centuries against India across all three formats of cricket.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more