| Thursday, 20th November 2025, 8:17 am

തോറ്റ മത്സരത്തിലെ ഹോപ്പ് തിളക്കം; ഇതിഹാസങ്ങളെ വെട്ടിയ കരീബിയന്‍ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ തോറ്റെങ്കിലും വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. താരം 69 പന്തുകള്‍ നേരിട്ട് പുറത്താകാതെ 109 റണ്‍സ് നേടി. നാല് സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ഏകദിന കരിയറിലെ തന്റെ 19ാം സെഞ്ച്വറി കുറിക്കാന്‍ താരത്തിന് സാധിച്ചു.

ഈ ഇന്നിങ്സിന്റെ കരുത്തിൽ ഒരു സൂപ്പർ നേട്ടമാണ് ഹോപ്പ് തന്റെ പേരിൽ എഴുതി ചേർത്തത്. 12 വ്യത്യസ്ത ടീമുകള്‍ക്ക് എതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനാണ് വിന്‍ഡീസ് ക്യാപ്റ്റന് സാധിച്ചത്. താരം കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിന് എതിരെ സെഞ്ച്വറി നേടിയതിന് പുറമെ 11 ടീമുകള്‍ക്ക് എതിരെ മൂന്നക്കം കടന്നിരുന്നു. സിംബാബ്‌വെ, ഇന്ത്യ, ബംഗ്ലാദേശ്, അയര്‍ലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്സ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, നേപ്പാള്‍, ഇംഗ്ലണ്ട് എന്നിവര്‍ക്ക് എതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടങ്ങള്‍.

ഏറ്റവും കൂടുതല്‍ എതിരാളികള്‍ എതിരെ ഏകദിന സെഞ്ച്വറി നേടിയ താരങ്ങള്‍, എണ്ണം

ഷായ് ഹോപ്പ് – 12*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 11

റിക്കി പോണ്ടിങ് – 11

ക്രിസ് ഗെയ്ല്‍ – 11

ഹാഷിം അംല – 11

മാര്‍ട്ടിന്‍ ഗപ്റ്റില്‍ – 10

സൗരവ് ഗാംഗുലി – 10

ഹെര്‍ഷല്‍ ഗിബ്‌സ് – 10

എബി ഡി വില്ലിയേഴ്‌സ്- 10

തിലകരത്ന ദില്‍ഷന്‍ – 10

ഓയിന്‍ മോര്‍ഗന്‍ – 10

രോഹിത് ശര്‍മ – 10

അതേസമയം, ഹോപ്പ് സെഞ്ച്വറി നേടിയെങ്കിലും വിന്‍ഡീസ് കിവികള്‍ക്കെതിരെ രണ്ടാം ഏകദിനത്തിലും തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ റൊമാരിയോ ഷെപ്പേര്‍ഡും ജസ്റ്റീന്‍ ഗ്രീവ്സും 22 റണ്‍സ് വീതം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇവര്‍ക്ക് പുറമെ മറ്റാര്‍ക്കും ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ഒടുവില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 247 റണ്‍സ് ഉയര്‍ത്തി.

ആതിഥേയര്‍ക്കായി നഥാന്‍ സ്മിത് നാല് വിക്കറ്റും കൈല്‍ ജാമൈസണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും ബ്ലെയര്‍ ടിക്നറുമാണ് ശേഷിച്ച രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ബ്ലാക്ക് ക്യാപ്സിനായി ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും കരുത്ത് കാട്ടി. കോണ്‍വേ 84 പന്തില്‍ 90 റണ്‍സും രചിന്‍ രവീന്ദ്ര 46 പന്തില്‍ 56 റണ്‍സും നേടി.

പിന്നാലെ എത്തിയവര്‍ ഇവര്‍ പോരാട്ടം ഏറ്റെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു. ഒടുവില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്ത് ശേഷിക്കെ കിവികള്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Shai Hope became first player to score ODI century against 12 different teams with his ton against New Zealand

We use cookies to give you the best possible experience. Learn more