| Friday, 27th February 2026, 8:45 am

ഇതിഹാസം വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ മാസ് എന്‍ട്രി; വിന്‍ഡീസ് കരുത്തന്‍ തൂക്കിയത് കിടിലന്‍ മൈല്‍സ്റ്റോണ്‍

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി മത്സരം സൗത്ത് ആഫ്രിക്ക ഫിനിഷ് ചെയ്യുകയായിരുന്നു. 23 പന്ത് അവശേഷിക്കെയാണ് പ്രോട്ടിയാസ് വിജയം കീഴടക്കിയത്.

മത്സരത്തില്‍ വിന്‍ഡീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഷായ് ഹോപ് ആറ് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 16 റണ്‍സാണ് നേടിയത്. എന്നിരുന്നാലും ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ഷായ് ഹോപ്പിന് സാധിച്ചത്.

ഈ നേട്ടം കൈവരിക്കുന്ന വിന്‍ഡീസിന്റെ 11ാം താരമാണ് ഷായ്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം 295 ഇന്നിങ്‌സില്‍ നിന്ന് 10013 റണ്‍സാണ് ഇതുവരെ സ്വന്തമാക്കിയത്. വിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയത് ഇതിഹാസം ബ്രയാന്‍ ലാറയാണ്. 515 ഇന്നിങ്‌സില്‍ നിന്ന് 22260 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അതേസമയം മത്സരത്തില്‍ പ്രോട്ടിയാസിനായി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് 46 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രമാണ്. 178.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. വണ്‍ ഡൗണ്‍ ബാറ്റര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 28 പന്തില്‍ രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സാണ് സ്വന്തമാക്കിയത്. 24 പന്തില്‍ 47 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക് മികച്ച പ്രകടനം നടത്തിയാണ് തിരികെ പോയത്. റോസ്റ്റണ്‍ ചെയ്സിനാണ് വിക്കറ്റ്.

ഇനി വെസ്റ്റ് ഇന്‍ഡീസിന് നേരിടാനുള്ളത് ഇന്ത്യയെയാണ്. ഡു ഓര്‍ ഡൈ മാച്ചാണ് ഇരുവര്‍ക്കും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമി ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച മാര്‍ജിനിലാണ് വിജയിക്കേണ്ടത്. നിലവില്‍ വിന്‍ഡീസിനെക്കാള്‍ കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.

Content Highlight: Shai Hope Complete 10000 International Runs In Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more