| Wednesday, 5th November 2025, 9:13 pm

ഒരു സിക്‌സര്‍ ദൂരത്തില്‍ സഞ്ജുവിന് പിന്നില്‍; മക്കല്ലത്തെയും മറികടന്ന് വിന്‍ഡീസിന്റെ ഹോപ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡിസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഓക്‌ലഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഷായ് ഹോപ്പും സംഘവും വിജയിച്ചുകയറിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 157 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 39 പന്ത് നേരിട്ട താരം 53 റണ്‍സ് നേടി. 135.90 സ്‌ട്രൈക് റേറ്റില്‍ മൂന്ന് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും ഷായ് ഹോപ്പിന്റെ പേരില്‍ കുറിക്കപ്പെട്ടു. വിക്കറ്റ് കീപ്പറായി 25 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏറ്റവുമധികം ടി-20ഐ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഹോപ്പ് റെക്കോഡിട്ടത്. 38 സിക്‌സറുകളാണ് താരം നേടിയത്.

വിക്കറ്റ് കീപ്പറായി 25 ഇന്നിങ്‌സിന് ശേഷം ഏറ്റവുമധികം ടി-20ഐ സിക്‌സറുകള്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 41

സഞ്ജു സാംസണ്‍ – ഇന്ത്യ – 39

ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 38*

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 36

കുശാല്‍ മെന്‍ഡിസ് – ശ്രീലങ്ക – 35

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന് പുറമെ 23 പന്തില്‍ 33 റണ്‍സ് നേടിയ റോവ്മന്‍ പവലും 27 പന്തില്‍ 28 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്‌സുമാണ് കരീബിയന്‍സ് നിരയില്‍ നിര്‍ണായകമായത്.

ന്യൂസിലാന്‍ഡിനായി ജേകബ് ഡഫിയും സാക്രി ഫോള്‍ക്‌സും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ കൈല്‍ ജാമൈസണും ജിമ്മി നീഷവും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ടോപ്പ് ഓര്‍ഡര്‍ മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും മിഡില്‍ ഓര്‍ഡറിന് അത് മുതലെടുക്കാന്‍ സാധിക്കാതെ പോയി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി വിന്‍ഡീസ് മത്സരത്തില്‍ മൊമെന്റം കൈവിടാതെ സൂക്ഷിച്ചു.

ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെ എട്ടാമനായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ ക്രീസിലെത്തി. ടീമിനെ കരകയറ്റാനുള്ള ഉത്തരവാദിത്വം സ്വയമേറ്റെടുത്ത ക്യാപ്റ്റന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

ഒന്നിന് പിന്നാലെ ഒന്നായി ഫോറുകളുമായി സാന്റ്നര്‍ കളം നിറഞ്ഞുകളിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്താണ് താരം തിളങ്ങിയത്.

എന്നാല്‍ സാന്റ്നറിനെ ഒരറ്റത്ത് നിര്‍ത്തി മറുവശത്തെ ആക്രമിച്ച വിന്‍ഡീസ് തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്തി. ഒടുവില്‍ 120ാം പന്തും എറിഞ്ഞുതീര്‍ത്തപ്പോള്‍ ന്യൂസിലാന്‍ഡ് വിജയത്തിന് എട്ട് റണ്‍സകലെ കാലിടറി വീണു.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സും ജെയ്ഡന്‍ സീല്‍സും മൂന്ന് വിക്കറ്റ് വീതം കിവികളെ പവലിയനിലേക്ക് പറഞ്ഞയച്ചു. അകീല്‍ ഹൊസൈന്‍, മാത്യൂ ഫോര്‍ഡെ, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈഡന്‍ പാര്‍ക് തന്നെയാണ് വേദി.

Content Highlight: Shai Hope climbs to 3rd in most T20I Sixes after 25 innings as wicketkeeper

We use cookies to give you the best possible experience. Learn more