| Monday, 13th October 2025, 3:21 pm

ഹോപ്പിന്റെ സെഞ്ച്വറിയില്‍ പിറന്നത് പുതിയ മൈല്‍സ്റ്റോണ്‍; ഇന്ത്യക്കെതിരെ വിന്‍ഡീസ് ക്യാപ്റ്റനും നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിലെ നാലാം ദിനം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്തു.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസ് ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 361 റണ്‍സാണ് നേടിയത്. 91 റണ്‍സിന്റെ ലീഡും വിന്‍ഡീസിന് നേടാനായി.

ഇന്നിങ്‌സില്‍ വിന്‍ഡീസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ജോണ്‍ കാംബെല്ലായിരുന്നു. 199 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 115 റണ്‍സാണ് താരം നേടിയത്. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു താരം കൂടാരം കയറിയത്.

താരത്തിന് പുറമെ ഷായ് ഹോപ്പ് 214 പന്തില്‍ 103 റണ്‍സ് നേടി ക്ലാസിക് പ്രകടനം നടത്തിയാണ് മടങ്ങിയത്. തന്റെ ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് ഹോപ്പ് സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു മിന്നും നാഴികക്കല്ല് പിന്നിടാനും ഹോപ്പിന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. 2005 റണ്‍സാണ് താരത്തിന് നിലവില്‍ റെഡ്‌ബോളിലുള്ളത്. 43 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തുന്നത്. മാത്രമല്ല ഫോര്‍മാറ്റില്‍ 147 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരത്തിനുള്ളത്. 25.38 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്.

ഹോപ്പിന് പുറമെ ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സ് 40 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ഇന്ത്യക്കെതിരെ 500 റണ്‍സ് പൂര്‍ത്തിയാക്കാനും വിന്‍ഡീസ് നായകന് സാധിച്ചു. മറ്റാര്‍ക്കും തന്നെ ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനമാണ് കുല്‍ദീപ് യാദവ് പുറത്തെടുത്തത്. നിലവില്‍ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. തന്റെ 18ാം ഓവറിലാണ് താരം രണ്ട് വിക്കറ്റും നേടിയത്. താരത്തിന് പുറമെ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറും, രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്.

Content Highlight: Shai Hope And Roston Chase Achieve Great Milestone

We use cookies to give you the best possible experience. Learn more