| Friday, 10th June 2022, 5:35 pm

യഥാര്‍ത്ഥ സംഭാഷണം നാളെ ഏഴ് മണിക്ക് മുമ്പ് പുറത്തുവിടും; സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍. സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയതിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം.

തന്റെ സുഹൃത്തിന്റെ ഫോണില്‍ ഇത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് റിട്രീവ് ചെയ്ത് നാളെ രാവിലെ ഏഴ് മണിക്ക് മുമ്പ് പുറത്തുവിടും. രഹസ്യമൊഴിയുടെ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ അതിലുണ്ട്. വക്കീല്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറഞ്ഞതെന്ന് പറഞ്ഞുതായി ഷാജ് പറഞ്ഞു. എഫ്.സി.ആര്‍.എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞതെന്നും ഷാജ് കിരണ്‍ പറഞ്ഞു.

അതേസമയം, താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം സ്വപ്‌ന നേരത്തെ പുറത്തുവിട്ടിരുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. പാലക്കാടുള്ള സ്വപ്നയുടെ ഓഫീസിന് മുന്നില്‍ വെച്ചാണ് ശബ്ദരേഖ പുറത്തുവിട്ടിത്.

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന് ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ബിലിവേഴ്സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. റദ്ദായതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ബിനാമിയാണ് ഷാജ് കിരണ്‍. മൂന്നും അഞ്ചും ശതമാനം കമ്മീഷന്‍ വാങ്ങുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായ ഷാജിന് എങ്ങനെയാണ് ഇത്രയും കമ്പനികളുടെ ഡയറക്ടറാവാന്‍ കഴിയുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു.

‘എന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാര്‍ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല,’ സ്വപ്ന പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലന്‍സ് വിട്ടയക്കുമെന്ന് ഷാജ് കിരണ്‍ ആണ് തന്നോട് പറഞ്ഞത്. ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

CONTENT HIGHLIGHTS: Shahj Kiran says that Swapna was released as an edited soundtrack

We use cookies to give you the best possible experience. Learn more