| Monday, 16th February 2026, 1:34 pm

ആ മൂന്ന് താരങ്ങളെ ഉടന്‍ പുറത്താക്കണം; മരുമകനെയടക്കം കടുംവെട്ട് വെട്ടാന്‍ ആവശ്യപ്പെട്ട് പാക് ഇതിഹാസം

ആദര്‍ശ് എം.കെ.

ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ പ്ലെയിങ് ഇലവനില്‍ അഴിച്ചുപണികളാവശ്യപ്പെട്ട് മുന്‍ താരവും പാക് ഇതിഹാസവുമായ ഷാഹിദ് അഫ്രിദി.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസം, ഷഹീന്‍ അഫ്രിദി, ഷദാബ് ഖാന്‍ എന്നിവര്‍ക്ക് പകരം മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ഷാഹിദ് അഫ്രിദി ആവശ്യപ്പെടുന്നത്.

ഷാഹിദ് അഫ്രിദി

മൂവരും തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുകയാണെന്നും നമീബിയക്കെതിരെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കണമെന്നും അഫ്രിദി പറഞ്ഞു.

‘ഇവിടെ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍ ബാബറിനെയും (ബാബര്‍ അസം), ഷഹീനിനെയും (ഷഹീന്‍ ഷാ അഫ്രിദി), ഷദാബിനെയും (ഷദാബ് ഖാന്‍) ഒഴിവാക്കുക എന്നാണ് ഞാന്‍ പറയുക. നമീബിയക്കെതിരെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുകയും അവരുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയും ചെയ്യുക.

നല്ല ടീമുകള്‍ക്കെതിരെ സീനിയര്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത കാഴ്ച നമ്മള്‍ കുറച്ച് കാലമായി കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് മികച്ച രീതിയില്‍ കളിക്കാനാകുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കൂ,’ സമാ ടി.വിയില്‍ ഷാഹിദ് അഫ്രിദി പറഞ്ഞു.

മുന്‍ താരം മുഹമ്മദ് യൂസഫും ഇവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

‘ഷഹീന്‍, ബാബര്‍, ഷദാബ് എന്നിവര്‍ക്ക് അനുവദിച്ച സമയമവസാനിച്ചു. പാകിസ്ഥാന്റെ ടി-20 സ്‌ക്വാഡിന് പുതിയ, മികച്ച താരങ്ങളെ ആവശ്യമുണ്ട്. കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ മാത്രം വിജയിക്കുന്നവരെയെല്ല,’ യൂസഫ് എക്‌സിലെഴുതി.

ടി-20 ഫോര്‍മാറ്റില്‍ കഴിഞ്ഞ കുറച്ചുനാളുകളായി മികച്ച പ്രകടനമല്ല ബാബര്‍ അസമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാനോ സ്‌ട്രൈക് റേറ്റ് ഉയര്‍ത്താനോ സാധിക്കാതെ പെടാപ്പാട് പെടുന്ന ബാബറിനെയാണ് ആരാധകര്‍ കാണുന്നത്. ഷഹീന്റെ ബൗളിങ്ങിനും പഴയ മൂര്‍ച്ചയില്ല. ഷദാബ് ഖാനും താളം കണ്ടെത്തേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ദിവസം കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 114ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് തകര്‍ത്തടിച്ചത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 192.50 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ 77 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇഷാന്‍ കിഷന് പുറമെ സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), ശിവം ദുബെ (17 പന്തില്‍ 27), തിലക് വര്‍മ (24 പന്തില്‍ 25) എന്നിവരും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 175ലെത്തി.

ഇഷാന്‍ കിഷന്‍. Photo: ICC

പാകിസ്ഥാനായി സയീം അയ്യൂബ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ ഷാ അഫ്രിദി എന്നിവര്‍ ഓരോ ഇന്ത്യന്‍ താരങ്ങളെയും മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ സാഹിബ്സാദ ഫര്‍ഹാനെ പൂജ്യത്തിന് നഷ്ടപ്പെട്ട പാകിസ്ഥാന് സയീം അയ്യൂബിനെ ആറ് റണ്‍സിനും ക്യാപ്റ്റന്‍ ആഘാ സല്‍മാനെ നാല് റണ്‍സിനും നഷ്ടപ്പെട്ടു. അഞ്ച് റണ്‍സെടുത്താണ് ബാബര്‍ അസം പുറത്തായത്.

വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക് നിരയില്‍ പൊരുതിയത്. 34 പന്ത് നേരിട്ട താരം 44 റണ്‍സിന് പുറത്തായി. 19 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ ഷഹീന്‍ അഫ്രിദിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ 18 ഓവറില്‍ 114ന് ടീം ഓള്‍ഔട്ടാവുകയായിരുന്നു.

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ തിലക് വര്‍മയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Shahid Afridi wants other players to be given a chance in place of Babar Azam, Shaheen Afridi and Shadab Khan in the match against Namibia

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more