ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും പിന്തുണ നല്‍കി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഷാഹിദ് അഫ്രീദി. വിരാടും രോഹിത്തും ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തിയാണെന്ന് അഫ്രീദി പറഞ്ഞു.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം വിലയിരുത്തുമ്പോള്‍ 2027 ലോകകപ്പ് വരെ താരങ്ങള്‍ക്ക് തുടരാന്‍ സാധിക്കുമെന്നതില്‍ സംശയമില്ലെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. മാത്രമല്ല ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് തെറ്റ് പറ്റിയെന്നും അഫ്രീദി വിമര്‍ശിച്ചു.
Virat Kohli And Rohit Sharma, Photo: BCCI/x.com
‘ഇന്ത്യയുടെ ബാറ്റിങ്ങിന്റെ പ്രേരകശക്തിയാണ് വിരാടും രോഹിത്തും. ഏറ്റവും പുതിയ ഏകദിന പരമ്പരയില്‍ അവരുടെ പ്രകടനം വിലയിരുത്തിയാല്‍, 2027 ലോകകപ്പ് വരെ അവര്‍ക്ക് തുടരാനാകുമെന്നതില്‍ ഒരു സംശയവുമില്ല. ഇന്ത്യ അവരുടെ മുതിര്‍ന്ന താരങ്ങളെ സംരക്ഷിക്കണം! വെല്ലുവിളി കുറഞ്ഞ ടീമുകളുമായുള്ള മത്സരങ്ങളില്‍ വിരാടിനും രോഹിത്തിനും വിശ്രമം നല്‍കാനും പുതിയ പ്രതിഭകളെ പരീക്ഷിക്കാനും ഇന്ത്യയ്ക്ക് കഴിയും.
പരിശീലകനായപ്പോള്‍ തുടക്കത്തില്‍, താന്‍ ചിന്തിക്കുന്നതും പറയുന്നതും ശരിയാണെന്ന് ഗൗതം ഗംഭീറിന് ബോധ്യമുണ്ടായിരുന്നു, പക്ഷേ ഒടുവില്‍ അദ്ദേഹത്തിനും തെറ്റുപറ്റാമെന്ന് വ്യക്തമായി,’ ഷഹീന്‍ അഫ്രീദി ടെലികോം ഏഷ്യ സ്‌പോര്‍ട്ടിനോട് പറഞ്ഞു.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിരാടും രോഹിത്തും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തില്‍ സെഞ്ച്വറിയും മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയാണ് വിരാട് തിളങ്ങിയത്. യഥാക്രമം 135, 102, 65 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍.
Goutam Gambhir And Virat Kohli, Photo:x.com
അതേസമയം ആദ്യ മത്സരത്തില്‍ 57 റണ്‍സും, രണ്ടാം മത്സരത്തില്‍ 14 റണ്‍സും, മൂന്നാം മത്സരത്തില്‍ 75 റണ്‍സുമാണ് രോഹിത്തിന്റെ സംഭാവന. നിലവില്‍ മറ്റ് ഫോര്‍മാറ്റില്‍ നിന്ന് മാറി നില്‍ക്കുന്ന താരങ്ങളുടെ ലക്ഷ്യം 2027ലെ ലോകകപ്പാണ്.
അതേസമയം ഏകദിന ടീമില്‍ നിന്ന് പരിശീലകന്‍ ഗംഭീറുമായുള്ള ചില തര്‍ക്കങ്ങള്‍ ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു സൂപ്പര്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയത്. ഏകദിന ടീമില്‍ തുടരണമെങ്കില്‍ ഫിറ്റ്‌നസ് നില നിര്‍ത്താനും ആഭ്യന്തര മത്സരങ്ങള്‍ കളിക്കാനുമുള്‍പ്പെടെയുള്ള കര്ശന നിര്‍ദേശങ്ങള്‍ ഗംഭീര്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതോടെ പല തരത്തിലും ഇന്ത്യന്‍ ടീമില്‍ പ്രശനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
Content Highlight: Shahid Afridi supports Virat Kohli and Rohit Sharma, criticizes Gambhir