പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കടുത്ത അമര്‍ഷത്തിലാണ് പാകിസ്ഥാന്‍.
പാകിസ്ഥാന്‍ കളിക്കാരും ആരാധകരുമെല്ലാം ജയ് ഷായുടെ വാക്കുകളിലും തീരുമാനത്തിലും എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
പാക് മുന്‍ ക്യാപ്റ്റനും സൂപ്പര്‍താരവുമായ ഷാഹിദ് അഫ്രീദിയും ജയ് ഷായുടെ തീരുമാനത്തിലെ തന്റെ നിരാശ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ടീമുകള്‍ തമ്മില്‍ മികച്ച അന്തരീക്ഷത്തില്‍ കഴിയുന്ന സമയത്ത് എന്തിനാണ് ബി.സി.സി.ഐ സെക്രട്ടറി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഷാഹിദ് ചോദിച്ചത്.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കഴിഞ്ഞ 12 മാസമായി ഇരു ടീമുകളും തമ്മില്‍ എത്രയോ നല്ല സൗഹൃദത്തിലാണ് കഴിഞ്ഞുപോന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല അന്തരീക്ഷം രൂപപ്പെടുകയും ചെയ്തു.
ഇങ്ങനെയൊരു അവസരത്തില്‍ എന്തിനാണ് ബി.സി.സി.ഐ സെക്രട്ടറി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്? അതും ടി-20 ലോകകപ്പ് നടക്കുന്ന സമയത്ത്. ഇന്ത്യയില്‍ ഒരു മികച്ച ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷന്റെ കുറവുണ്ടെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്,’ അഫ്രീദിയുടെ ട്വീറ്റില്‍ പറഞ്ഞു.
ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കേണ്ട എന്ന് ജയ് ഷാ തീരുമാനിച്ചതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന് പകരം മറ്റൊരു വേദിയിലേക്ക് ഏഷ്യാ കപ്പ് മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും അതിനുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും
ജയ് ഷാ അറിയിച്ചതായി പറയപ്പെടുന്നു.
എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമായിരിക്കും ബി.സി.സി.ഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
ഇതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ആലോചിക്കുന്നുതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ 2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പിലേക്ക് പാകിസ്ഥാന്‍ ടീമിനെയും അയക്കില്ലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മറ്റ് വിദേശരാജ്യങ്ങള്‍ പാകിസ്ഥാനിലേക്ക് ടൂര്‍ണമെന്റിനായി എത്തുന്നുണ്ടെന്നും ഇന്ത്യ മാത്രം എന്തിനാണ് മാറിനില്‍ക്കുന്നതെന്നുമാണ് പി.സി.ബിയുടെ ചോദ്യം. എ.സി.സി പ്രസിഡന്റും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാക്കെതിരെ കടുത്ത അമര്‍ഷത്തിലാണ് പാക് ബോര്‍ഡ്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ ദീര്‍ഘ കാലമായി ഇന്ത്യ പാകിസ്ഥാനില്‍ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. 2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യ പങ്കെടുത്തത്.
അതേസമയം 2012-13 സീസണിലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനവും രണ്ട് ടി-20 മത്സരങ്ങളും പാകിസ്ഥാന്‍ കളിച്ചിരുന്നു.
നിലവില്‍ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിക്കുന്നത്.
2022 ഏഷ്യാ കപ്പില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരം വീതം ഇരുവരും വിജയിച്ചു.
ഒക്ടോബര്‍ 23ന് നടക്കുന്ന ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.
Content Highlight: Shahid Afridi criticizes Jay Shah over his decision on Asia Cup 2023