പൊലീസ് ഉദ്യോഗസ്ഥനായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സിനിമയിലേക്കെത്തിച്ചേരുകയും ചെയ്ത കലാകാരനാണ് ഷാഹി കബീര്‍. പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി പൊലീസ് ചിത്രങ്ങള്‍ക്കാണ് ഷാഹി കബീര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 2018 ചിത്രം ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഷാഹി കബീര്‍ ഇല വീഴാ പൂഞ്ചിറ, റോന്ത് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഷാഹിര്‍ കബീര്‍ തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രമാണ് കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ഉന്മാദം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം ജൂലൈ 31നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ മോഹന്‍ലാലിന് വേണ്ടി ചെയ്യുന്ന സിനിമയെ കുറിച്ച് ഷാഹി കബീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഷാഹി കബീര്‍. Photo: The Hindu
‘ഞാന്‍ ലാലേട്ടനോട് ഒരു കഥ പറഞ്ഞിരുന്നു. ഒരിക്കലും ഒരു ഫുള്‍ കഥയായിട്ട് ആരോടും ഞാന്‍ കഥ പറഞ്ഞിട്ടില്ല. ഒരു ഐഡിയ പിച്ച് ചെയ്യും, ഇത് വരെ എല്ലാ സിനിമകളും അങ്ങനെയാണ്. എനിക്ക് തോന്നുന്നു ജോസഫും അങ്ങനെ ചെയ്തതാണ്. പേട്രിയറ്റിന്റെ സെറ്റില്‍ വെച്ച് ലാലേച്ചന്റെ അടുത്ത് ഞാന്‍ ഒരു ഐഡിയ പറഞ്ഞിരുന്നു. അദ്ദേഹത്തിന് അതിഷ്ടപ്പെട്ടിടുണ്ട്. ഞാന്‍ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടാണ് കഥ പറയുന്നത് അതുകൊണ്ട് സ്‌ട്രെയിറ്റായി ഒന്ന് എഴുതി തരാമോ എന്ന് എന്നോട് ചോദിച്ചു.
അങ്ങനെ ആ കഥ എഴുതിക്കൊണ്ടിരിക്കുന്ന പണിയിലാണ് ഞാന്‍. അതില്‍ ടെന്‍ഷനുണ്ട്. ലാലേട്ടന് വേണ്ടി എഴുതുന്ന കഥ റിജക്ട് ചെയ്യപ്പെടരുതെന്നുള്ള ആഗ്രഹത്തില്‍ എഴുതുകയാണിപ്പോള്‍. ഉടന്‍ തന്നെ അത് അദ്ദേഹത്തിന്റെ അടുത്ത് പ്രെസന്റ് ചെയ്യണം,’ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ ഷാഹി കബീര്‍ പറഞ്ഞു.
അതിമനോഹരം. Photo: X.com
നിലവില്‍ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിന്റെ ഷൂട്ടിങ്ങിലാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഇതിന് പുറമെ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കിളും താരത്തിന്റേതായി അനൗണ്‍സ് ചെയ്തിരുന്നു. ഷാഹി കബീര്‍ ചിത്രവും സ്ഥിരീകരിക്കുകയാണെങ്കില്‍ വലിയ ആവേശത്തിലായിരിക്കും മോഹന്‍ലാല്‍ ആരാധകര്‍.
Content Highlight: Shahi Kabir talks about his new project with Mohanlal