പൊലീസ് ഉദ്യോഗസ്ഥനായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സിനിമയിലേക്കെത്തിച്ചേരുകയും ചെയ്ത കലാകാരനാണ് ഷാഹി കബീര്‍. പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി പൊലീസ് ചിത്രങ്ങള്‍ക്കാണ് ഷാഹി കബീര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഷാഹി കബീര്‍ ഇല വീഴാ പൂഞ്ചിറ, റോന്ത് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഷാഹി കബീറിന്റെ തിരക്കഥയില്‍ അടുത്തിടെ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഉന്‍മാദം. മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ ഒരു പൊലീസുകാരന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ഉന്‍മാദവും ഒരുക്കിയിരുന്നത്. കുഞ്ചാക്കോ ബോബന്‍, ലിജോമോള്‍ ജോസ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഷാഹി കബീര്‍. Photo: Deccan Chronicle
ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പൊലീസ് ചിത്രം മാത്രമല്ല തന്റെ പ്ലാനിലുള്ളതെന്നും ജോസഫിന് ശേഷം ചെയ്യാനിരുന്നത് മറ്റൊരു കൊമേഷ്യല്‍ ചിത്രമായിരുന്നുവെന്നും പറയുകയാണ് ഷാഹി കബീര്‍. ചിത്രം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ചിത്രം നടക്കാതെ പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഉന്‍മാദവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിന് പോയപ്പോള്‍ എന്റെ ചിത്രം രണ്ടാമതും കാണാന്‍ കഴിയില്ലെന്ന് അവതാരക പറഞ്ഞിരുന്നു. അതിന് ഞാന്‍ പറഞ്ഞത് നിങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല, ഉന്‍മാദം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ രണ്ടാമത് ഒരിക്കല്‍ കൂടെ കാണാം എന്നാണ്. ജോസഫിന് ശേഷം രണ്ടാമത് അനൗണ്‍സ് ചെയ്തത് ആരോ എന്ന ചിത്രമായിരുന്നു. എനിക്ക് തോന്നുന്നത് അത് 2018ല്‍ അനൗണ്‍സ് ചെയ്തതാണ്. കുട്ടനാട്ടില്‍ നടക്കുന്ന വള്ളം കളിയെ ആസ്പദമാക്കിയിട്ടുള്ള ചിത്രമായിരുന്നു അത്.
ഷാഹി കബീര്‍. Photo: The Hindu
ആ സിനിമയ്ക്ക് ഒരു പത്തമ്പത് കോടി ആവശ്യമായിട്ട് വേണം. അതുകൊണ്ട് ചിത്രം നടക്കാത്തതാണ്, അല്ലാതെ ഞാന്‍ ശ്രമിക്കാത്തതല്ല. നമുക്ക് ഈസിലി വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് പൊലീസ് ചിത്രങ്ങളാണ്. ഓരോ ചിത്രങ്ങളും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുമായി ഒന്നും ബന്ധമില്ലാത്ത ചിത്രമായിരിക്കും ഉന്‍മാദം,’ ഷാഹി കബീര്‍ പറഞ്ഞു.
Content Highlight: Shahi Kabir talks about his announced project after Joseph