2021ല്‍ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാഹി കബീര്‍. 2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഷാഹി കബീര്‍ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും പൊലീസ് ചിത്രങ്ങളാണെന്ന് കാണാം.
2022ല്‍ പുറത്തിറങ്ങിയ ഇല വീഴാ പൂഞ്ചിറയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഷാഹി കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമാണ് റോഷന്‍ മാത്യുവും ദിലീഷ് പോത്തനും പ്രധാനവേഷത്തിലെത്തിയ റോന്ത്. സിനിമയിലെത്തുന്നതിന് മുമ്പ് പൊലീസ് ഓഫീസറായി പ്രവര്‍ത്തിച്ച ഷാഹി കബീര്‍ തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഓരോ സിനിമയ്ക്കും രൂപം നല്‍കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഷാഹി കബീര്‍. Photo: The Hindu
ജോസഫ്, റോന്ത്, നായാട്ട് തുടങ്ങി ഷാഹി കബീറിന്റെ ചിത്രങ്ങളില്‍ പലതിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നിരൂപകരില്‍ നിന്നും ഉയര്‍ന്നിരുന്നു. സാമൂഹികപരമായ സംഭവങ്ങളെയും വിഷയങ്ങളെയും ഷാഹി കബീര്‍ ചിത്രീകരിച്ച രീതിയ്‌ക്കെതിരായായിരുന്നു പലരും രംഗത്തെത്തിയത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുതിയ ചിത്രം ഉന്മാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു സിനിമ കഴിഞ്ഞാല്‍ നമ്മള്‍ അറിയാതെ ചെയ്ത കാര്യങ്ങള്‍ക്ക് വിമര്‍ശനം വരാറുണ്ട്. ചിലപ്പോള്‍ അറിഞ്ഞുകൊണ്ട് ചെയ്ത കാര്യങ്ങളെയും ആളുകള്‍ വിമര്‍ശിക്കാറുണ്ട്. പക്ഷേ അതിലെല്ലാം അവതരിപ്പിച്ചിരിക്കുന്നത് എനിക്ക് ഫീല്‍ ചെയ്തിരിക്കുന്ന കാര്യങ്ങളാണ്. ഞാനൊരു പൊലീസുകാരനായിട്ടാണല്ലോ ജീവിച്ചത്. അതുകൊണ്ട് തന്നെ പൊലീസ് പക്ഷത്ത് നിന്ന് സംസാരിച്ചിട്ടുള്ള സിനിമകളായിരിക്കും കൂടുതലും.
Photo: The Hindu
അതെല്ലാം ആള്‍ക്കാരുടെ അഭിപ്രായമാണ്. അത് കേട്ട് നമ്മള്‍ തിരുത്തേണ്ടതാണെങ്കില്‍ തിരുത്തും. കാരണം നമ്മള്‍ ആ റിവ്യൂസ് കേള്‍ക്കാറുണ്ട്. റിവ്യൂസ് എന്നാല്‍ സിനിമയെ കുറിച്ച് ഓണ്‍ലൈനായിട്ട് ഇടുന്ന വീഡിയോസല്ല. കുറച്ച് വിമര്‍ശനാത്മകമായി എഴുതുന്ന ആള്‍ക്കാരുടെ എഴുത്തുകള്‍ ഞാന്‍ വായിക്കാറുണ്ട്. പൊളിറ്റിക്കലി കറക്ടല്ലെന്ന് തോന്നിയാല്‍ അടുത്ത തവണ അത് തിരുത്താന്‍ ശ്രമിക്കാറുണ്ട്,’ ഷാഹി കബീര്‍ പറഞ്ഞു.
Content Highlight: Shahi kabir talks about Criticism for his movie and how he manages it