| Sunday, 23rd August 2026, 4:47 pm

ജോസഫിന്റെ കഥ ഒരു ഷോർട്ട് ഫിലിമിനുള്ളതേയുള്ളൂ എന്ന് മമ്മൂട്ടിയുടെ മാനേജർ പറഞ്ഞു: ഷാഹി കബീർ

നന്ദന. ടി

പൊലീസുകാരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് ജോസഫ്, ഇലവീഴാപ്പൂഞ്ചിറ, നായാട്ട് എന്നീ ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീർ. ആരോഗ്യ മേഖലയിലെ അവയവദാനവുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ ആസ്പദമാക്കി 2018-ൽ ഷാഹി കബീറിന്റെ തിരക്കഥയിൽ എം. പത്മകുമാർ സംവിധാനം നിർവ്വഹിച്ച ചിത്രമായിരുന്നു ജോസഫ്. ജോജു ജോർജ്ജ് ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലേക്ക് നടൻ മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് ഷാഹി കബീർ. ജോസഫിന്റെ കഥയുടെ ഐഡിയ ആദ്യം മമ്മൂട്ടിയുടെ മാനേജരോടാണ് പറഞ്ഞിരുന്നത്. എന്നാൽ അത് കേട്ടപ്പോൾ ഒരു ഷോർട്ട് ഫിലിമിനുള്ളത് മാത്രമേയുള്ളൂ എന്ന് പറയുകയായിരുന്നുവെന്ന് ഷാഹി കബീർ വ്യക്തമാക്കുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാഹി കബീർ. Photp. Manorama Online

‘ജോസഫ് സിനിമയുടെ കഥ മമ്മൂക്കയോട് നേരിട്ട് പറയാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. പകരം മാനേജരോടായിരുന്നു കഥയുടെ ഐഡിയ പറഞ്ഞിരുന്നത്. ഞാൻ എപ്പോഴും ഐഡിയ പറഞ്ഞുതുടങ്ങി അത് എഴുതുന്ന ആളാണ്. അങ്ങനെ ഐഡിയ പറഞ്ഞപ്പോൾ മാനേജർ പറഞ്ഞു അത് ഒരു ഷോർട്ട് ഫിലിമിനുള്ള കഥയേ ഉള്ളൂ എന്ന്. പിന്നെ ഞാൻ ആ ഐഡിയ പോയി എഴുതി ഒരു പ്രോപ്പർ ഡ്രാഫ്റ്റ് ആക്കി. പക്ഷെ പിന്നീട് അദ്ദേഹത്തിന് അത് കേൾക്കാൻ സാധിച്ചില്ല. അങ്ങനെയിരിക്കുന്ന സാഹചര്യത്തിൽ ഞാൻ വേറെ വഴിയിലൂടെ ട്രാവൽ ചെയ്തു,’ ഷാഹി കബീർ പറഞ്ഞു.

ജോസഫ് സിനിമയുടെ 125-ാം ദിവസത്തെ ആഘോഷപരിപാടിയിൽ തനിക്ക് മൊമെന്റോ നൽകിയത് മമ്മൂട്ടി ആയിരുന്നെന്നും, പിന്നീട് ജോസഫിന്റെ കാര്യത്തെക്കുറിച്ച് തമ്മിൽ സംസാരിച്ചിരുന്നില്ലെന്നും ഷാഹി കബീർ പറയുന്നു.

‘പിന്നീട് സിനിമയുടെ 125-ാം ദിവസം നമുക്കെല്ലാം മൊമെന്റോ തന്നത് മമ്മൂക്ക ആയിരുന്നു. പിന്നീട് നായാട്ട് ഷൂട്ടിന്റെ സമയത്ത് മാർട്ടിൻ പ്രാക്കാട്ട് ചേട്ടന്റെ കൂടെ മമ്മൂക്കയെ കാണാൻ തലേദിവസം പോയിരുന്നു. അപ്പോഴും ജോസഫിനെക്കുറിച്ച് സംസാരമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം ചിലപ്പോൾ ഈ കാര്യം അറിഞ്ഞിട്ടുണ്ടാവുമോ എന്ന് പോലും എനിക്ക് അറിയില്ല. ചിലപ്പോൾ ഞാൻ ഈ ഇന്റർവ്യൂവിൽ പറയുമ്പോഴായിരിക്കും അദ്ദേഹം ഇത് അറിയുന്നുണ്ടാവുക,’ ഷാഹി കബീർ പറഞ്ഞു.

ഷാഹി കബീറിന്റെ തിരക്കഥകൾക്കായി നടന്മാരായ മോഹൻലാലും മമ്മൂട്ടിയും കാത്തിരിക്കുന്നുണ്ടാവുമോ എന്ന അവതാരകന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

‘ഏയ്, ഒരിക്കലുമില്ല. അതിന്റെ ഒരു ആവശ്യവും അവർക്കുണ്ടെന്ന് തോന്നുന്നില്ല. ആയിരക്കണക്കിന് കഥകൾ കേൾക്കാൻ അവർക്ക് മുന്നിൽ ആളുകൾ ക്യൂ നിൽക്കുമ്പോഴാണ് ഇത്. മമ്മൂക്കയോട് ഇതുവരെ കഥയൊന്നും പറയാൻ പറ്റിയിട്ടില്ല. ലാലേട്ടനോട് പേട്രിയറ്റ് സിനിമയുടെ സെറ്റിൽ വെച്ച് ഒരു ഐഡിയ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം അത് കുറച്ചുകൂടി ഡീറ്റെയിൽ ആയിട്ട് എഴുതി കൊണ്ടുവരാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഇനി അതിന്റെ എഴുത്തിലേക്ക് കടക്കണമെന്ന് വിചാരിക്കുന്നു,’ ഷാഹി കബീർ പറഞ്ഞു.

ജോസഫ്. Photo. District

Content Highlight: Shahi Kabir shares his initial plan of casting actor Mammootty in Joseph

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more