| Tuesday, 13th October 2026, 10:36 pm

ഇതൊക്കെ നമ്മുടെ കൈയില്‍ കിട്ടണമായിരുന്നു, നാല് പൊലീസുകാരെയും കഴുമരത്തിലാക്കിയേനെ; സെല്‍ഫ് ട്രോളുമായി ഷാഹി കബീര്‍

അശ്വിന്‍ രാജേന്ദ്രന്‍

പൊലീസ് ഉദ്യോഗസ്ഥനായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സിനിമയിലേക്കെത്തിച്ചേരുകയും ചെയ്ത കലാകാരനാണ് ഷാഹി കബീര്‍. പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി പൊലീസ് ചിത്രങ്ങള്‍ക്കാണ് ഷാഹി കബീര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഷാഹി കബീര്‍ ഇല വീഴാ പൂഞ്ചിറ, റോന്ത് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Photo: X.com

അടുത്തിടെ പുറത്തിറങ്ങിയ പ്രഥമ ദൃഷ്ട്യ കുറ്റക്കാരുമായി ബന്ധപ്പെട്ടാണ് ഷാഹി കബീര്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷഹദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം അമ്പത് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കുകയായിരുന്നു. പാര്‍വതി തിരുവോത്ത്, മാത്യു തോമസ് സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

ഒരു പൊലീസ് സ്റ്റേഷനെയും അവിടെ നടക്കുന്ന കൊലപാതകത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയെ പശ്ചാത്തലമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. അര്‍ധരാത്രിയില്‍ സ്റ്റേഷനിലെത്തുന്ന അക്രമിയുമായി ഉണ്ടാകുന്ന മല്‍പിടുത്തതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുന്നതും തുടര്‍ന്ന് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസുകാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടി റിലീസ് ചെയ്തതിന് പിന്നാലെ മലയാളത്തിലെ സിനിമാ പേജുകളിലെല്ലാം പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഷാഹി കബീര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തതെങ്കില്‍ എങ്ങനെയായിരിക്കും എന്‍ഡിങ്ങ് എന്നതിനെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ഡിസ്‌കഷന്‍സ് ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ട്രോള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സെല്‍ഫ് ട്രോളായി പങ്കുവെച്ചിരിക്കുകയാണ് ഷാഹി കബീര്‍.

Photo: Screen Grab/ Shahi Kabir/ Instagram.com

തസ്‌കരവീരന്‍ സിനിമയിലെ മീം ടെംപ്ലേറ്റില്‍ നിര്‍മിച്ച ഒരു ട്രോളാണ് ഷാഹി കബീര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതൊക്കെ നമ്മുടെ കൈയില്‍ കിട്ടണമായിരുന്നു, നാലിനെയും കഴുമരത്തില്‍ കയറ്റി കാണുന്ന പ്രേക്ഷകരെയെല്ലാം ഡിപ്രഷനിലാക്കിയേനെ എന്നാണ് ട്രോള്‍. ഇതിന് ‘ഏറെക്കുറെ’ എന്ന ക്യാപ്ഷനും ഷാഹി പങ്കുവെച്ചിട്ടുണ്ട്.

Content Highlight: Shahi Kabir Instagram story goes viral about Pradhama Drishtya Kuttakkar

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more