| Wednesday, 5th August 2026, 11:02 am

സ്ത്രീകഥാപാത്രങ്ങൾ ഒന്നോ രണ്ടോ സീനുകളിലേക്ക് ഒതുങ്ങിപ്പോകുന്നത് ആ ഭയം കൊണ്ടാണ്: ഷാഹി കബീർ

നന്ദന. ടി

പൊലീസുകാരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീർ. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ രണ്ട് മികച്ച കഥാപാത്രങ്ങൾ നൽകിയ നായാട്ടിനും ഓഫീസർ ഓൺ ഡ്യൂട്ടിക്കും ശേഷം ഈ കൂട്ടുകെട്ട് ഒന്നിച്ച ഏറ്റവും പുതിയ ചിത്രമായിരുന്നു കിരൺ ദാസ് സംവിധാനം ചെയ്ത് ജൂലൈ 31-ന് തിയേറ്ററുകളിലെത്തിയ ഉന്മാദം.

ഷാഹി കബീർ തിരക്കഥ ഒരുക്കിയ മറ്റു ചിത്രങ്ങളായ ജോസഫ്, ഇലവീഴാപൂഞ്ചിറ, റോന്ത് എന്നിവയിലെല്ലാം പൊതുവായി ശ്രദ്ധിക്കപ്പെടുന്ന കാര്യം, സിനിമയിലുടനീളമുള്ള സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമാണ്. തന്റെ സിനിമകളിൽ എന്തുകൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങൾക്ക് സീനുകൾ കുറഞ്ഞുപോകുന്നത് എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഷാഹി കബീർ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാഹി കബീർ. Photo. The Hindu

തന്റെ പഠനകാലം മുതൽ സ്ത്രീസൗഹൃദങ്ങൾ കുറവായിരുന്നതുകൊണ്ട് തന്നെ, ആ ഒരു ഭയം തന്റെ എഴുത്തുകളിലും പ്രതിഫലിച്ചിട്ടുണ്ടെന്നും പറയുകയാണ് ഷാഹി കബീർ

‘ഞാൻ പഠിച്ചത് ഒരു ബോയ്‌സ് സ്കൂളിലാണ്. അന്ന് പെൺകുട്ടികളുമായി വലിയ സൗഹൃദങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കോളേജിൽ എത്തിയപ്പോഴും പ്രണയമൊന്നും ഉണ്ടായിട്ടില്ല, കാരണം അന്ന് രാഷ്ട്രീയത്തിലായിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്. ജോലി കിട്ടി പൊലീസിൽ എത്തിയപ്പോഴാകട്ടെ, ആൺസംഘങ്ങൾക്കിടയിൽ മാത്രമായിരുന്നു ജീവിതം. അതുകൊണ്ടുതന്നെ, സ്ത്രീ കഥാപാത്രങ്ങളെ എഴുതാൻ പറ്റാത്തതിന്റെ ഭയമാണ് ശരിക്കും എന്റെ സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ ഒന്നോ രണ്ടോ സീനുകളിൽ മാത്രമായി ഒതുങ്ങിപ്പോകാൻ കാരണം’, ഷാഹി കബീർ പറഞ്ഞു.

താൻ ഇതുവരെ ചെയ്ത സിനിമകളിൽ ‘ഉന്മാദ’ത്തിൽ ലിജോമോൾ മാത്രമാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളതെന്നും, തനിക്ക് ഏറെ ബഹുമാനം തോന്നിയിട്ടുള്ള ഒരു ആർട്ടിസ്റ്റ് കൂടിയാണ് ലിജോമോളെന്നും ഷാഹി കബീർ കൂട്ടിച്ചേർത്തു.

‘ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ ലിജോമോളാണ് ഒരു മുഴുനീള സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. സ്ത്രീ കഥാപാത്രങ്ങളെ എഴുതാൻ എനിക്ക് ഉള്ളിൽ ഭയമുള്ളതുകൊണ്ടാണ്, അവരെ ഒന്നോ രണ്ടോ സീനുകളിലേക്ക് ഒതുക്കിയാലും അതിൽ പറയത്തക്ക എന്തെങ്കിലും ശക്തമായ ഘടകങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഞാൻ ശ്രദ്ധിക്കുന്നത്. അത് എന്റെ ആ ഭയത്തിൽ നിന്നുതന്നെ ഉണ്ടാകുന്നതാണ്.

സൗമ്യ എന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ലിജോ വളരെ അനുയോജ്യയാണെന്ന് തോന്നി. അതുകൊണ്ടാണ് ലിജോയെ ആ കഥാപാത്രത്തിലേക്ക് തെരെഞ്ഞെടുത്തത്. കൂടാതെ ഏറെ ബഹുമാനം തോന്നുന്ന മികച്ചൊരു അഭിനയത്രികൂടിയാണ് ലിജോ,’ ഷാഹി കബീർ പറയുന്നു.

ഉന്മാദം. ലിജോമോൾ ജോസ്. Photo. DoolNews

Content Highlight: Shahi Kabir addresses why female characters often have limited screen time

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more