| Tuesday, 21st October 2025, 8:38 am

ഗുഡ് ബൈ റിസ്വാന്‍; 12 മാസത്തിനിടെ മൂന്നാം നായകന്‍; വമ്പന്‍ തിരിച്ചുവരവിന് പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ പുതിയ ഏകദിന നായകനായി ഷഹീന്‍ ഷാ അഫ്രിദിയെ ചുമതലയേല്‍പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സൂപ്പര്‍ താരം മുഹമ്മദ് റിസ്വാനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് സൂപ്പര്‍ പേസറെ പുതിയ ചുമതല തേടിയെത്തിയത്.

ഇസ്‌ലാമാബാദില്‍ ചേര്‍ന്ന പി.സി.ബി യോഗത്തിലാണ് തീരുമാനം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് താരം ക്യാപ്റ്റന്റെ റോളിലെത്തുന്നത്.

‘പാകിസ്ഥാന്റെ വൈറ്റ് ബോള്‍ പരിശീലകന്‍ മൈക് ഹെസണ്‍ പങ്കെടുത്ത പി.സി.ബി സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഷഹീന്‍ അഫ്രിദി ക്യാപ്റ്റനാകണമെന്ന് തീരുമാനമെടുത്തു,’ പി.സി.ബി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

12 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാകിസ്ഥാന്റെ ഏകദിന ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സി മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ബാബര്‍ അസമില്‍ നിന്നും റിസ്വാന്‍ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നത്.

നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ എതിരാളികളുടെ തട്ടകത്തില്‍ പരമ്പര നേടിക്കൊണ്ടായിരുന്നു റിസ്വാന്റെ തുടക്കം. 22 വര്‍ഷങ്ങള്‍ക്കിടെ ഇത്തരമൊരു വിജയം ഇതാദ്യമായിരുന്നു. ശേഷം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ക്ലീന്‍ സ്വീപ് വിജയവും സിംബാബ്‌വേക്കെതിരായ വിജയവും റിസ്വാന്‍ എന്ന ക്യാപ്റ്റന് മുതല്‍ക്കൂട്ടായി.

എന്നാല്‍ 2025ല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സ്വന്തം മണ്ണില്‍ നടന്ന ട്രൈനേഷന്‍ സീരീസില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട പാകിസ്ഥാന്‍, തങ്ങള്‍ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിലിയും പാടെ നിരാശപ്പെടുത്തി. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനോടും ടീം പരമ്പര പരാജയപ്പെട്ടു. ഇതോടെയാണ് റിസ്വാന്റെ സിംഹാസനത്തിന് ഇളക്കം തട്ടിയത്.

അതേസമയം, നിലവില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍, മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയും കളിക്കും. തുടര്‍ന്നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര.

നംവബര്‍ നാലിനാണ് പരമ്പര ആരംഭിക്കുന്നത്. ഫൈസബാദിലെ ഇഖ്ബാല്‍ സ്റ്റേഡിയമാണ് വേദി. നംവബര്‍ ആറ്, എട്ട് തീയ്യതികളില്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും അരങ്ങേറും. ഫൈസബാദ് തന്നെയാണ് വേദി.

Content Highlight: Shaheen Shah Afridi appointed as Pakistan’s new ODI captain

We use cookies to give you the best possible experience. Learn more