2026 ടി- 20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. മത്സരത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ചാണ് ത്രീലയണ്‍സിന്റെ മുന്നേറ്റം. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് പാക് സംഘത്തെ ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്.
മത്സരത്തില്‍ പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതില്‍ മൂന്ന് വിക്കറ്റുകളും പവര്‍പ്ലേയിലാണ് താരം നേടിയത്. ആദ്യ പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തിയായിരുന്നു താരം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
പിന്നീട് ജോസ് ബട്‌ലറും ജേക്കബ് ബേഥലും താരത്തിന് മുന്നില്‍ മുട്ടുമടക്കി. മികച്ച പ്രകടനം നടത്തിയിട്ടും പാകിസ്ഥാനെ വിജയത്തിലെത്തിക്കാന്‍ ഈ പ്രകടനം മതിയായിരുന്നില്ല. പക്ഷേ, ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
ടി – 20 ലോകകപ്പില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന നേട്ടമാണ് പാക് പേസര്‍ സ്വന്തമാക്കിയത്. 17 വിക്കറ്റുകളുമായാണ് താരം ഈ നേട്ടത്തിലെത്തിയത്. സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാദയെ മറികടന്നാണ് താരത്തിന്റെ നേട്ടം. താരം 16 വിക്കറ്റുകളാണ് ടി – 20 ലോകകപ്പ് പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തിയത്.
(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ഷഹീന്‍ അഫ്രീദി – പാകിസ്ഥാന്‍ – 17
കാഗിസോ റബാദ – സൗത്ത് ആഫ്രിക്ക – 16
എയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 15
ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 14
സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 14
മുഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – 14
പാകിസ്ഥാനായി ഷഹീനിന് പുറമെ, ഉസ്മാന്‍ താരിഖും മുഹമ്മദ് നവാസും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 51 പന്തില്‍ 100 റണ്‍സെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത വില്‍ ജാക്സാണ് ടീമിന്റെ രണ്ടാമത്തെ റണ്‍ഗെറ്റര്‍.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി ഷാഹിബ്സാദ ഫര്‍ഹാന്‍ മാത്രമാണ് തിളങ്ങിയത്. താരം 45 പന്തില്‍ 63 റണ്‍സാണ് എടുത്തത്. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഒവേര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആദില്‍ റഷീദും ഒരു വിക്കറ്റ് നേടി.
Content Highlight: Shaheen Afridi tops the list of most powerplay wickets in T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ