മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ സംവിധായകരിൽ ഒരാളാണ് ഷഹദ് നിലമ്പൂർ. ദിലീഷ് പോത്തന്റെ സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ഈയിടെ പാർവതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം പ്രഥമദൃഷ്ട്യാ കുറ്റക്കാർ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ തുടരുകയാണ്.
മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സിനിമാ മേഖലയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഷഹദ്.
ഷഹദ് നിലമ്പൂർ. Photo. Instagram
സിനിമയുടെ സാങ്കേതികവശങ്ങളിൽ താത്പര്യം തോന്നിയ ഘട്ടത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാൻ വേണ്ടി തന്റെ നാട്ടുകാർ നൽകിയ സംഭാവന കൊണ്ടാണ് മൊട്ട എന്ന തന്റെ ആദ്യ ഷോർട്ട് ഫിലിം നിർമ്മിച്ചത് എന്ന് പറയുകയാണ് ഷഹദ്.
‘ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് ഗവൺമെന്റിന്റെ ഒരു ബാലചലച്ചിത്രോത്സവം നടക്കുകയും അതിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ആ ഒരു ഘട്ടത്തിൽ ആണ് സിനിമയുടെ സാങ്കേതികതയെക്കുറിച്ച് മനസിലാക്കുന്ന ഒരു മേഖലയിലേക്ക് ഞാൻ വരുന്നത്. അങ്ങനെയാണ് മൊട്ട എന്ന് പറയുന്ന എന്റെ ഒരു ഷോർട്ട് ഫിലിം വരുന്നത്. 2009-10 കാലഘട്ടത്തിൽ എന്റെ ആ ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാൻ എന്റെ വീടിന് തൊട്ടടുത്തുള്ള മജീദ് കാക്ക എന്ന് പറഞ്ഞ ഒരാൾ ഒരു രണ്ടായിരം രൂപ തരുകയുണ്ടായി,’ ഷഹദ് പറഞ്ഞു.
തന്റെ ഷോർട്ട് ഫിലിം നിർമാണത്തിനായി തുടർന്നും നാട്ടുകാർ നൽകിയ സംഭാവന വെച്ച് ‘വില്ലജ് ഷെയ്ഡ്സ്’ എന്ന് പറയുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങി എന്നും ഷഹദ് പറയുന്നു. തുടക്കത്തിൽ ഒരു തമാശയായി തുടങ്ങിയ കാര്യം പിന്നീട് കുറെ നല്ല മനുഷ്യരുടെ സഹായം കൊണ്ട് ഗൗരവമുള്ളതായി മാറുകയായിരുന്നു എന്നും ഷഹദ് പറഞ്ഞു.
‘അന്നത്തെ കാലത്ത് ഷോർട്ട് ഫിലിം ചെയ്യുക എന്ന് പറയുന്നത് ഭയങ്കര അത്ഭുതമാണ്. കാരണം ആ കാലത്ത് ബേസിൽ ചേട്ടനെ പോലുള്ളവരുടെ കുറച്ചു ഷോർട്ട് ഫിലിമുകൾ ആണ് വന്നിട്ടുള്ളത്. അതുകൊണ്ട് അന്ന് എന്നെപ്പോലെ ഒരു ചെറിയ പയ്യൻ ഷോർട്ട് ഫിലിം ചെയ്യുന്നു എന്ന് അറിഞ്ഞപ്പോൾ എന്റെ രണ്ടാമത്തെ ഷോർട്ട് ഫിലിമിന് വേണ്ടി നാട്ടുകാർ അവരുടേതായ കോൺട്രിബ്യൂഷൻസ് തരാൻ തുടങ്ങി. അങ്ങനെ ഒരു പയ്യന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി ഒരു നാട് മൊത്തം കൂടെ നിന്നു.
ഷഹദ് നിലമ്പൂർ. Photo. Screen Grab/ Youtube
പിന്നീടാണ് ഞാൻ വില്ലജ് ഷെയ്ഡ്സ് എന്ന് പറഞ്ഞ് ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങുന്നത്. കാരണം എന്റെ ഗ്രാമത്തിലെ ആളുകളാണ് എന്റെ തണലുകൾ, അങ്ങനെ തണലുകളായ ഒരുപാട് പേരുടെ കോൺട്രിബ്യൂഷൻസ് വെച്ച് പിന്നീട് കുറേ ഷോർട്ട് ഫിലിമുകൾ ചെയ്തു. ഒടുവിൽ ആദ്യം തമാശയായി കണ്ട കാര്യം പിന്നീട് സീരിയസ് ആവുകയായിരുന്നു,’ ഷഹദ് നിലമ്പൂർ പറഞ്ഞു.