| Tuesday, 15th September 2026, 2:20 pm

ആ കഥാപാത്രത്തിന് വേണ്ടി ഒൻപത് മാസം പാർവതിക്കായി കാത്തിരുന്നു; ഷഹദ് നിലമ്പൂർ

അജ്മല്‍ കെ

യുവ സംവിധായകനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെ തന്റെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നടി പാർവതി തിരുവോത്ത്. പാർവതിയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതിനെ കുറിച്ചും നടിയുടെ അഭിനയ മികവിനെ കുറിച്ചും തുറന്നുപറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഷഹദ് നിലമ്പൂർ. ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

‘സിനിമയെ കുറിച്ച് ആദ്യം ചിന്തിച്ചപ്പോഴേ പാർവതിയായിരുന്നു മനസിൽ. കഥാപാത്രം എഴുതിക്കഴിഞ്ഞ് അതിലെ ലെയേഴ്സൊക്കെ സെറ്റ് ചെയ്ത് വർക്ക് കഴിഞ്ഞപ്പോൾ, അത്രയും ശക്തമായ, അത്രക്കും ഇമോഷണലായ ഒരു കഥാപാത്രം വളരെ ഈസിയായി അവതരിപ്പിക്കാൻ മലയാളത്തിൽ പാർവതി മാത്രമേയുള്ളൂ എന്നാണ് ഞാൻ വിശ്വസിച്ചത്. ആ വിശ്വാസം ഞങ്ങൾക്ക് തെറ്റിയിട്ടുമില്ല. ആ കഥാപാത്രത്തിന് വേണ്ടി ഞങ്ങൾ ഒൻപത് മാസത്തോളം പാർവതിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്,’ ഷഹദ് പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

ഒരു കഥാപാത്രത്തെ ഏറ്റെടുത്താൽ അതിന്റെ ബാക്ക്സ്റ്റോറി ഉൾപ്പെടെ ആ കഥാപാത്രത്തെ പൂർണമായി മനസിലാക്കാൻ പാർവതി ശ്രമിക്കാറുണ്ടെന്നും ഷഹദ് പറയുന്നു. കഥാപാത്രം എവിടെ നിന്നാണ് വരുന്നത്, എന്താണ് അതിന്റെ ജീവിതം, ഇപ്പോഴത്തെ അവസ്ഥയിലേക്ക് എങ്ങനെയാണ് എത്തിയത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാൻ പാർവതി താത്പര്യപ്പെടാറുണ്ടെന്നും സംവിധായകൻ പറയുന്നു.

‘പാർവതി ഒരു കഥാപാത്രത്തെ ഏറ്റെടുത്താൽ, കഥാപാത്രത്തിന്റെ ബാക്ക്സ്റ്റോറി എങ്ങനെയാണ് എന്നതൊക്കെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരാളാണ്. അത് അവരുടെ ആക്ടിങ്ങിലും ഭയങ്കരമായി ഇൻഫ്ലുവൻസ് ചെയ്യുന്നുണ്ട്. ആ കഥാപാത്രം എവിടെനിന്നായിരുന്നു, എങ്ങനെയായിരുന്നു, എന്തായിരുന്നു, ഈ സ്റ്റേജിലേക്ക് എത്തുന്നത് വരെ എന്താണ് അതിന്റെ അവസ്ഥ എന്നൊക്കെ പാർവതി അറിയാൻ ശ്രെമിക്കാറുണ്ട്,’പാർവതി പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് അലീന അബ്രഹാമിന്റെ ബാക്ക്സ്റ്റോറിയും സിനിമയ്ക്ക് വേണ്ടി വിശദമായി തയ്യാറാക്കിയതെന്നും ഷഹദ് പറയുന്നു. അലീന ജനിച്ച ദിവസം മുതൽ സിനിമയിൽ കാണുന്ന ഘട്ടം വരെയുള്ള കഥാപാത്രത്തിന്റെ ജീവിതം ഉൾപ്പെടുത്തിയാണ് ബാക്ക്സ്റ്റോറി തയ്യാറാക്കിയത് എന്നും സംവിധായകൻ വ്യക്തമാക്കി.

‘അലീന അബ്രഹാമിന്റെ ഒരു ബാക്ക്സ്റ്റോറി, അവർ ജനിച്ച ദിവസം തൊട്ട് നമ്മൾ വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പാർവതിക്ക് സ്ക്രിപ്റ്റിന്റെ കൂടെ തന്നെ നമ്മൾ ആ കഥാപാത്രത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കൊടുത്തിരുന്നു. അവർ മെന്റലി ആ കഥാപാത്രത്തിന് വേണ്ടി ഭയങ്കരമായി പ്രിപ്പയർ ആയിരുന്നു,’ഷഹദ് പറഞ്ഞു.

പാർവതിയുടെ സീനുകൾ ചെയ്യുമ്പോൾ അധികം ടേക്കുകൾ വേണ്ടിവന്നിട്ടില്ലെന്നും കഥാപാത്രത്തെക്കുറിച്ച് കൃത്യമായി മനസിലാക്കിയ ശേഷമാണ് താരം ഓരോ രംഗവും അവതരിപ്പിച്ചതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

‘ഈ സിനിമയിൽ പാർവതിയുടെ സീനിൽ നമുക്ക് അധികം ടേക്കുകൾ പോകേണ്ടി വന്നിട്ടില്ല. കാരണം കഥാപാത്രത്തെ കുറിച്ച് നന്നായി പഠിച്ചിട്ടാണ് ഇവരൊക്കെ നമ്മുടെ മുന്നിൽ വന്ന് അവതരിപ്പിക്കുന്നത്,’സംവിധായകൻ വ്യക്തമാക്കി.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിൽ’ ആദ്യമായാണ് പാർവതി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നത്. സമീപകാലത്ത് വന്ന മികച്ച ത്രില്ലറുകളിലൊന്നാണ് ഈ ചിത്രം. പാർവതിക്ക് പുറമെ മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ചിത്രം മികച്ച പ്രതികരങ്ങളോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

Content Highlight: Shahad nilamboor talks about actress parvathy thiruvothu

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more