ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളാണ് ഷാരൂഖ് ഖാന്‍, സല്‍മാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍. കാലങ്ങളായി ബോളിവുഡ് ഇന്‍ഡസ്ട്രിയെ താങ്ങിനിര്‍ത്തുന്ന കാര്യത്തില്‍ മൂവരും വഹിച്ച പങ്ക് ചെറുതല്ല. എന്നിരുന്നാലും മൂവരും ഒരുമിച്ച് ഒരു സിനിമയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ മൂന്ന് പേരും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികള്‍ ജനശ്രദ്ധ ആകര്‍ഷിക്കാറുണ്ട്.
അത്തരത്തിലൊരു പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തൂക്കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ കഴിഞ്ഞദിവസം നടന്ന ജോയ് ഫോറത്തിലാണ് ബോളിവുഡിന്റെ ഖാന്‍ ട്രയോ പങ്കെടുത്ത്. മൂന്ന് പേരും ഒന്നിച്ചിരിക്കുന്ന ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്. മൂവരും തമ്മിലുള്ള രസകരമായ സംഭാഷണവും ആരാധകരെ കൈയിലെടുത്തു.
സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് എല്ലാവരെയും സൈഡാക്കിയത് കിങ് ഖാനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സല്‍മാനെയും ആമിറിനെയും നിഷ്പ്രഭമാക്കുന്ന സ്വാഗും സ്റ്റൈലും കൊണ്ട് ഷാരൂഖ് നിറഞ്ഞുനിന്നെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. ആമിറും ഒട്ടും മോശമല്ലെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. മൂന്ന് പേരില്‍ സിനിമയിലെത്താന്‍ ഏറ്റവും കഷ്ടപ്പെട്ടതാരാണെന്ന ചോദ്യത്തിന് മൂവരും നല്കിയ മറുപടി രസകരമായിരുന്നു.
താനും ആമിര്‍ ഖാനും സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിരുന്നു വന്നതെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. തങ്ങള്‍ക്ക് താരതമ്യേന എളുപ്പമായിരുന്നെന്നും എന്നാല്‍ ഷാരൂഖ് ദല്‍ഹിയില്‍ നിന്ന് ഒറ്റക്കാണ് വന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷാരൂഖ് ഇതിന് നല്‍കിയ മറുപടി കൈയടി നേടി. സല്‍മാന്‍ ഖാന്റെ കുടുംബം തന്റേത് കൂടിയാണെന്നും അക്കാരണം കൊണ്ട് താനും സല്‍മാന്റെ കുടുംബത്തില്‍ നിന്നാണെന്നും കിങ് ഖാന്‍ പറഞ്ഞു.
മൂന്ന് പേരും ഒന്നിച്ചുള്ള സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് ഇവര്‍ നല്കിയത്. തങ്ങള്‍ മൂന്ന് പേരെയും ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യാനുള്ള ബജറ്റ് ബോളിവുഡിനില്ലെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ഷാരൂഖ് ഇതിനിടയില്‍ കയറി സംസാരിക്കുകയും ഇത് സൗദിയാണെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. ആരെങ്കിലും കേട്ടാല്‍ അതിന് വേണ്ടി ഇറങ്ങിത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ബാഡ്‌സ് ഓഫ് ബോളിവുഡില്‍ ഖാന്‍ ത്രയത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മൂന്ന് പേരും അതിഥി താരങ്ങളായി സീരീസില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ഉണ്ടായിരുന്നില്ല. ആരാധകരുടെ ആഗ്രഹം അധികം വൈകാതെ മൂവരും സാധിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Shah Rukh Salman and Aamir Khan’s photo viral in social media