| Saturday, 19th July 2025, 3:44 pm

ഷൂട്ടിങ്ങിനിടെ ഷാരൂഖിന് പരിക്ക്; ചികിത്സക്കായി അമേരിക്കയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരിക്ക്. പേശികള്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ വെച്ച് ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ഷാരൂഖിന് പരിക്ക് പറ്റിയതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു. ഷാരൂഖ് ഇപ്പോള്‍ വൈദ്യ ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വര്‍ഷങ്ങളായി സ്റ്റണ്ട് ജോലികളില്‍ നിന്ന് ഷാരൂഖിന് ഒന്നിലധികം പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത്തവണത്തേത് അത്ര വലുതാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാരൂഖ് ഖാനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദേശത്തേക്ക് പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും പൂര്‍ണമായും റെസ്റ്റെടുക്കാന്‍ ഡോക്ടര്‍മാര്‍ ഷാരൂഖിനോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖിന്റെ ആരോഗ്യം കണക്കിലെടുത്ത് കിങിന്റെ ഷൂട്ട് താത്കാലികമായി നിര്‍ത്തിവെച്ചു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തിലായിരുന്നു കിങിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

അടുത്ത വര്‍ഷം ആദ്യത്തോടെ കിങ് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഷൂട്ട് നിര്‍ത്തിവെച്ചതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റും മാറാന്‍ സാധ്യതയുണ്ട്. ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മകള്‍ സുഹാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കിങ്. അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അര്‍ഷാദ് വാര്‍സി, അഭയ് വര്‍മ്മ, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, രാഘവ് ജുയല്‍, ജയ്ദീപ് അഹ്ലാവത്ത് തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. ദീപിക പദുക്കോണാണ് നായിക എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്രൂവിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

Content Highlight: Shah Rukh Khan Suffers Injury During King film Shoot, Flies To US For Treatment

We use cookies to give you the best possible experience. Learn more