| Tuesday, 29th April 2025, 7:40 pm

ഇനി കളി അങ്ങ് ഹോളിവുഡില്‍; മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത സൂപ്പര്‍ഹീറോ കിങ് ഖാനോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ ബാദ്ഷാ എന്നറിയപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഷാരൂഖ് സിനിമയിലേക്കെത്തിയത്. വില്ലനായി കരിയര്‍ ആരംഭിച്ച ഷാരൂഖ് പിന്നീട് ബോളിവുഡ് തന്റെ കാല്‍ക്കീഴിലാക്കുകയായിരുന്നു. ഇടയ്ക്ക് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്ന കിങ് ഖാന്‍ നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

തിരിച്ചുവരവില്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 1000 കോടി ക്ലബ്ബില്‍ കയറ്റി തന്റെ സിംഹാസനം വീണ്ടെടുത്തു. ഡങ്കിയാണ് ഷാരൂഖിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ (എം.സി.യു) ഒരു പ്രധാന വേഷത്തിനായി സൂപ്പര്‍സ്റ്റാര്‍ മാര്‍വല്‍ സ്റ്റുഡിയോസുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത മാര്‍വല്‍ സ്‌കൂപ്പര്‍ @MarvelLeaks22, ഷാരൂഖിന്റെ ഫോട്ടോ അവരുടെ ഹാന്‍ഡില്‍ പങ്കിട്ടുകൊണ്ട് ഭാവിയില്‍ സഹകരണ സാധ്യത ഉണ്ടാകാം എന്ന് പറഞ്ഞതും ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തി.

അവഞ്ചേഴ്സ്: ഡൂംസ്ഡേയാണ് മാര്‍വലിന്റെ ഏറ്റവും പുതിയ ചിത്രം. എന്നാല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഈ ചിത്രവുമായി പുതിയ റൂമറുകള്‍ക്ക് ബന്ധമില്ലെന്നാണ് പറയപ്പെടുന്നത്.

ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്’ താരം ആന്റണി മാക്കി ബോളിവുഡില്‍ നിന്ന് അവഞ്ചേഴ്സില്‍ ചേരാന്‍ യോഗ്യനായ നടനായി ഷാരൂഖ് ഖാനെ തെരഞ്ഞെടുത്തതിന് ഏതാനം മാസങ്ങള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്. മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നോ ഷാരൂഖ് ഖാനില്‍ നിന്നോ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ഒഫിഷ്യലായുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് എന്ന ചിത്രത്തിലാണ് ഷാരുഖ് ഖാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേക് ബച്ചന്‍, അഭയ് വര്‍മ എന്നിവര്‍ക്കൊപ്പം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Shah Rukh Khan Set For Hollywood Entry, Likely To Feature In A Marvel Film: Reports

We use cookies to give you the best possible experience. Learn more