| Tuesday, 21st October 2025, 10:46 pm

ഒരുങ്ങിയിരുന്നോ, സോഷ്യല്‍ മീഡിയക്ക് റീത്ത് വെക്കാന്‍ കിങ് ഖാന്‍ വരുന്നുണ്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ ബാദ്ഷ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം 2023ല്‍ അടുപ്പിച്ച് മൂന്ന് സിനിമകള്‍ ചെയ്ത ശേഷം വീണ്ടും ചെറിയൊരു ബ്രേക്കിലേക്ക് താരം കടന്നിരുന്നു. രണ്ട് വര്‍ഷത്തോളമായി ഷാരൂഖിനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ക്ക് സാധിച്ചിരുന്നില്ല.

ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ബാ***ഡ്‌സ് ഓഫ് ബോളിവുഡില്‍ അതിഥിവേഷത്തിലെത്തിയത് മാറ്റിനിര്‍ത്തിയാല്‍ കിങ് ഖാന്‍ മറ്റൊരു സിനിമയുടെയും ഭാഗമായിട്ടില്ല. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഗംഭീര അപ്‌ഡേറ്റ് വരുന്നുണ്ടെന്ന സൂചനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ട്വീറ്റാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

അധികം വൈകാതെ ഒരു സര്‍പ്രൈസ് വരുന്നുണ്ടെന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനമായ നവംബര്‍ രണ്ടിന് പുതിയ ചിത്രം കിങ്ങിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയയെ പഞ്ഞിക്കിടാനുള്ള ഐറ്റമാകും ഇതെന്ന് ആരാധകരും സിനിമാപ്രേമികളും അവകാശപ്പെടുന്നു.

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം പൂര്‍ണമായും ഇന്ത്യക്ക് പുറത്താണ് ചിത്രീകരിക്കുന്നത്. കിങ്ങിന്റെ ഷൂട്ടിനിടെ ഷാരൂഖിന് അപകടം സംഭവിക്കുകയും ഒരു മാസത്തോളം വിശ്രമിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ ഷാരൂഖിന്റെ ലുക്ക് വലിയ സര്‍പ്രൈസായാണ് അണിയറപ്രവര്‍ത്തകര്‍ സൂക്ഷിക്കുന്നത്.

വന്‍ ബജറ്റിനൊപ്പം ഗംഭീര താരനിരയും കിങ്ങില്‍ അണിനിരക്കുന്നുണ്ട്. ഷാരൂഖിന്റെ മകള്‍ സുഹാനാ ഖാന്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ജയ്ദീപ് അഹ്ലാവത്ത് തുടങ്ങിവരാണ് മറ്റ് താരങ്ങള്‍. ബോളിവുഡിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി കിങ് മാറുമെന്നാണ് പ്രതീക്ഷകള്‍.

പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് കിങ്. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്കായി എഡ് ഷീരന്‍, എകോണ്‍ തുടങ്ങിയ ഗ്ലോബല്‍ സെന്‍സേഷനുകള്‍ കൈകോര്‍ക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. കിങ് ഖാന്റെ എന്‍ട്രി റോയലാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

Content Highlight: Shah Rukh Khan’s new movie King’s first look will out on his birthday

We use cookies to give you the best possible experience. Learn more