| Monday, 1st December 2025, 7:13 am

ചുമ്മാ പരസ്യം ചെയ്യാതെ അച്ഛനെ വെച്ച് ഒരു ഫുള്‍ ഓണ്‍ ആക്ഷന്‍ പടം ചെയ്തുകൂടെ, ആര്യന്‍ ഖാനെ അഭിനന്ദിച്ച് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബ്രാന്‍ഡാണ് ബോള്വിഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍. മൂന്ന് പതിറ്റാണ്ടിനടുത്തായി ഇന്ത്യന്‍ സിനിമയുടെ മുഖമായി നിറഞ്ഞുനില്ക്കുന്ന താരത്തിന്റെ സ്റ്റാര്‍ഡത്തിന് വെല്ലുവിളിയുയര്‍ത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഷാരൂഖിന്റെ ഏറ്റവും പുതിയ പരസ്യചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഡിയാവോള്‍എക്‌സ് എന്ന ഐ വെയര്‍ ബ്രാന്‍ഡിന്റെ പുതിയ പരസ്യചിത്രം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തില്‍ അങ്ങേയറ്റം മാസും സ്റ്റൈലിഷുമായാണ് ഷാരൂഖിനെ അവതരിപ്പിച്ചത്. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ കൂളിങ് ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ഷാരൂഖിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Shah Rukh Khan/ Screen Grab/ DYavol X

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്തത്. പരസ്യം ഹിറ്റായതോടെ ആര്യന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഷാരൂഖിനെ ഈയടുത്ത് ഏറ്റവും സ്‌റ്റൈലിഷായി അവതരിപ്പിച്ചത് ആര്യാനാണെന്ന് പലരും അഭിപ്രായപ്പെടുന്നു. സ്വന്തം അച്ഛനെ എങ്ങനെ മാസ്സായി അവതരിപ്പിക്കണമെന്ന് ആര്യന് അറിയാമെന്നും ആരാധകര്‍ അഭിപ്രായം പങ്കുവെച്ചു.

ഇങ്ങനെ പരസ്യം മാത്രം ചെയ്യാതെ ഷാരൂഖിനെ നായകനാക്കി ഒരു ഫുള്‍ ഓണ്‍ ആക്ഷന്‍ പടം ചെയ്തുകൂടെയെന്നും സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കിങ് എന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിനെക്കാള്‍ ഷാരൂഖ് ഈ പരസ്യത്തിലാണ് സ്റ്റെലിഷായതെന്നും ആരാധകര്‍ കമന്റുകള്‍ പങ്കുവെച്ചു.

Aryan Khan/ SRK Fanism/ X

ആര്യന്റെ ആദ്യ സംവിധാനസംരംഭമായ ബാ***ഡ്‌സ് ഓഫ് ബോളിവുഡിലും ഷാരൂഖിനെ ഗംഭീരമായിട്ടായിരുന്നു പ്രസന്റ് ചെയ്തത്. അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഷാരൂഖിന്റെ കോമഡി സൈഡും അദ്ദേഹത്തിന്റെ സ്‌റ്റൈലിഷ് ഓറയും ആര്യന്‍ അതിഗംഭീരമായി ഒപ്പിയെടുത്തിട്ടുണ്ടെന്നായിരുന്നു സീരീസ് കണ്ട എല്ലാവരും അഭിപ്രായപ്പെട്ടത്.

ആദ്യ സീരീസിലൂടെ ഇന്‍ഡസ്ട്രിയുടെ സംസാരവിഷയമാകാന്‍ ആര്യന് സാധിച്ചിട്ടുണ്ട്. ബാ***ഡ്‌സ് ഓഫ് ബോളിവുഡില്‍ നായകനായ ലക്ഷ്യയോടൊപ്പമാകും ആര്യന്റെ അടുത്ത ചിത്രമെന്നാണ് അഭ്യൂഹങ്ങള്‍. അടുത്ത വര്‍ഷം ചിത്രം അനൗണ്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ ആര്യന്റെ സംവിധാനത്തില്‍ ഷാരൂഖ് മുഴുനീള സിനിമ ചെയ്യുമോ എന്നറിയാന്‍ ബോളിവുഡ് കാത്തിരിക്കുകയാണ്.

Content Highlight: Shah Rukh Khan’s new ad film directed by Aaryan Khan viral in film pages

We use cookies to give you the best possible experience. Learn more