| Monday, 3rd November 2025, 10:48 pm

ബ്രാഡ് പിറ്റ് വാങ്ങിക്കൊണ്ടുപോയ ജാക്കറ്റ് തിരികെ വാങ്ങിച്ച് ഷാരൂഖ് ഖാന്‍, വൈറലായി കിങ് ടൈറ്റില്‍ ടീസറിലെ കോസ്റ്റ്യൂം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ അപ്‌ഡേറ്റായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. ഡങ്കിക്ക് ശേഷം ഒന്നര വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറിനിന്ന ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു. കിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹൈ വോള്‍ട്ടേജ് ടീസറാണ് പുറത്തുവിട്ടത്.

പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് കിങ്. എന്നാല്‍ ടീസര്‍ വൈറലായതിന് പിന്നാലെ മറ്റൊരു കാര്യമാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ടീസറില്‍ ഷാരൂഖ് ധരിച്ച ജാക്കറ്റ് ഇതേ വര്‍ഷം മറ്റൊരു സിനിമയില്‍ കണ്ടിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. ഹോളിവുഡ് ചിത്രം F1ല്‍ ബ്രാഡ് പിറ്റ് ധരിച്ച അതേ ജാക്കറ്റാണ് ഷാരൂഖ് ടീസറില്‍ ധരിച്ചത്.

ഷാരൂഖ് ബ്രാഡ് പിറ്റിനെ അനുകരിക്കുകയാണെന്നും അതേ ജാക്കറ്റ് ധരിച്ച് വന്നാല്‍ തിരിച്ചറിയില്ലെന്ന് വിചാരിച്ചോയെന്നും പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. F1ല്‍ ബ്രാഡ് പിറ്റ് ഇയര്‍ഫോണ്‍ ധരിച്ചുവരുന്ന അതേ രീതിയില്‍ തന്നെയാണ് ഷാരൂഖും വരുന്നതെന്നും ഇത് കോപ്പിയടിയാണെന്നും ചിലര്‍ ആരോപിച്ചു.

എന്നാല്‍ ബ്രാഡ് പിറ്റിനെക്കാള്‍ മുമ്പ് ഇതേ കോസ്റ്റ്യൂമില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ആരാധകര്‍ വാദിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ജബ് ഹാരി മെറ്റ് സെജാള്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഇതേ ജാക്കറ്റ് ധരിച്ച് വരുന്നുണ്ടെന്നും ഇത് പിന്നീട് ബ്രാഡ് പിറ്റ് ഷാരൂഖിന്റെ കൈയില്‍ നിന്ന് വാങ്ങിയതാണെന്നും കിങ്ങിന്റെ സമയത്ത് അദ്ദേഹം തിരികെ നല്കിയെന്നുമുള്ള ട്രോളുകളുണ്ട്.

എന്നാല്‍ ഇതിലും രസകരമായ മറ്റൊരു കണ്ടുപിടിത്തമാണ് എല്ലാവരെയും ചിരിപ്പിച്ചത്. 2007ല്‍ പുറത്തിറങ്ങിയ ശിവാജി ദി ബോസില്‍ രജിനികാന്ത് ഇതേ ജാക്കറ്റ് ധരിച്ച് വന്നിട്ടുണ്ടെന്നും അതിന് ശേഷമാണ് ഷാരൂഖ് അടക്കമുള്ളവര്‍ അനുകരിച്ചതെന്നും ചിലര്‍ വാദിക്കുന്നു. ഒരു ജാക്കറ്റ് കൊണ്ടുണ്ടായ ചര്‍ച്ചകള്‍ എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട്.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ 600 കോടി ബജറ്റിലാണ് കിങ് ഒരുങ്ങുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ ഷാരൂഖ് വിസ്മയിപ്പിക്കുമെന്ന് ഉറപ്പാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. 2026 പകുതിയോടെ കിങ് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Shah Rukh Khan’s costume in King Title teaser viral

We use cookies to give you the best possible experience. Learn more