ഡീയസ് ഈറെയില്‍ ഒരു സീനില്‍ ചിരിയും ഒരു സീനില്‍ കയ്യടിയും ഞങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നുവെന്ന് എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി. ഒരു ഹൊറര്‍ സിനിമയാണെങ്കിലും ആ രീതിയിലാണ് വര്‍ക്ക് ആകുക എന്ന് അപ്പോഴാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
‘ഇങ്ങനെയൊരു ഴോണറായതുകൊണ്ട് ആ സീനിന് കയ്യടികിട്ടുമെന്ന് പ്രതീക്ഷിച്ചില്ല ജനങ്ങള്‍ എങ്ങനെയാണ് റിയാക്റ്റ് ചെയ്യുന്നതെന്ന് അപ്പോഴാണ് മനസിലാകുന്നത്. പുറത്ത് വരുമ്പോഴാണ്, അല്ലെങ്കില്‍ കാണികള്‍ റിയാക്റ്റ് ചെയ്യുമ്പോഴാണ് ഇതിന് ഇങ്ങനെയൊരു ആംഗിള്‍ ഉണ്ടെന്ന് മനസിലായത്,’ ഷഫീഖ് മുഹമ്മദ് അലി പറയുന്നു.
ഹൊറര്‍ സിനിമക്കും കോമഡി സിനിമക്കും ഒരേ വെല്ലുവിളികളാണെന്നും ആദ്യ കാഴ്ച്ച കഴിഞ്ഞാല്‍ പിന്നീട് എക്‌സൈറ്റ്‌മെന്റ് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ആദ്യം ഒരു ഫൂട്ടേജ് എഡിറ്റ് ചെയ്ത് കാണുമ്പോള്‍ കിട്ടുന്ന എക്‌സൈറ്റ്‌മെന്റ് രണ്ടാമത് കാണുമ്പോള്‍ കിട്ടണമെന്ന് നിര്‍ബന്ധമില്ലന്നും ഷഫീഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഡീയസ് ഇറെ ഷൂട്ട് ചെയ്യാന്‍ മുപ്പത്തഞ്ച് ദിവസം എടുത്തുവെന്നും എഡിറ്റ് ചെയ്യാനും ഏകദേശം അത്ര തന്നെ സമയമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതക്കാലം, ഭ്രമയുഗം എന്നീ സിനിമകളുടെയും എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലിയാണ്.
അതേസമയം പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ ബോക്സ് ഓഫീസ് കളക്ഷനില്‍ കുതിക്കുകയാണ്. ഇതിനോടകം 50 കോടിക്ക് മുകളിലാണ് ചിത്രം ആഗോളതലത്തില്‍ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് ഡീയസ് ഈറേ ഈ എലീറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചത്.
പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി ചിത്രം കൂടിയാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍, ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
Content highlight: Shafique Mohamed Ali about dies irae movie