കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ ഷാഫി പറമ്പില്‍ എം.പിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ ‘ഷാഫി പറമ്പിലിന്റെ കോഴിപ്പങ്ക്’ പരിപാടിക്കെതിരെ വ്യാപക തെറിവിളി. പ്രമോദ് രാമന്റെയും മീഡിയ വണ്ണിന്റെയും ഫേസ്ബുക്ക് പേജിലാണ് അധിക്ഷേപം.
പ്രമോദ് രാമനെ വ്യക്തിപരമായി അധിക്ഷേപിച്ചും മീഡിയ വണ്ണില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയുമാണ് തെറിവിളി ഉയരുന്നത്.
അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിച്ചാണ് രാഹുല്‍-ഷാഫി അനുകൂലികള്‍ പ്രമോദ് രാമനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നത്. ഇവര്‍ പ്രമോദ് രാമന്റെ പിതാവിനെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ തെറി വിളിക്കുന്നുണ്ട്.
പ്രമോദ് രാമനോട് മാന്യത പുലര്‍ത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്. പ്രമോദ് രാമന്റെയും ചാനലിന്റെയും ലക്ഷ്യം രാഹുല്‍ മാങ്കൂട്ടത്തിലല്ലെന്നും ഷാഫി പറമ്പിലാണെന്നും ആരോപിച്ച് ഒരു വിഭാഗം വര്‍ഗീയമായും പ്രതികരിക്കുന്നുണ്ട്.
മലയാളികളുടെ ലൈംഗിക ദാരിദ്യം വിറ്റ് പ്രമോദ് രാമന്‍ കാശുണ്ടാക്കുകയാണെന്നും ചാനലും അവതാരകനും ഒഴുക്കിനൊപ്പം നീന്തുകയാണെന്നും അധിക്ഷേപമുണ്ട്. ഷാഫി പറമ്പിലിനെ വലിച്ചിട്ടുകൊണ്ട് പ്രമോദ് രാമന്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തനം ജീര്‍ണിച്ചതും വൃത്തികെട്ടതുമാണെന്നും ചിലര്‍ പ്രതികരിച്ചു.
അതേസമയം കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്റെ കവിതയാണ് കോഴിപ്പങ്ക്. ഇതിന്റെ സമകാലിക വായന എന്ന കുറിപ്പോട് കൂടിയാണ് മീഡിയ വണ്‍ പ്രോഗ്രാം അവതരിപ്പിച്ചത്.
കവിതയിലെ ഏതാനും വരികള്‍ക്കൊപ്പമാണ് പ്രമോദ് രാമന്‍ പ്രോഗാമിന്റെ ന്യൂസ് കാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനും മീഡിയ വണ്ണിനുമെതിരെ അധിക്ഷേപം ഉയര്‍ന്നത്.
ഇന്നലെ (ഞായര്‍) രാഹുലിനെതിരെ രംഗത്തെത്തിയ ഉമാ തോമസ് എം.എല്‍.എക്കെതിരെയും സമാനമായി അധിക്ഷേപം ഉയര്‍ന്നിരുന്നു. ‘കല്ലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് ചത്താല്‍ മതിയായിരുന്നു’ എന്നതടക്കമുള്ള അധിക്ഷേപമാണ് ഉണ്ടായത്.
യൂത്ത് കോണ്‍ഗ്രസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഉമാ തോമസിന്റെ ഫേസ്ബുക്കിലുമായിരുന്നു അധിക്ഷേപം. രാഹുലിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.
അതേസമയം രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച ഷാഫി പറമ്പില്‍ അദ്ദേഹത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ആരോപണം വന്നപ്പോള്‍ തന്നെ രാഹുല്‍ രാജിവെച്ചല്ലോ എന്നായിരുന്നു ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഹുലിനെതിരായ സസ്പെന്‍ഷന്‍ നടപടിയില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് ഷാഫി ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്.
Content Highlight: ‘Shafi Parambil’s kozhipank’; Widespread outcry against Pramod Raman’s program