കോഴിക്കോട്: പൊലീസ് ലാത്തിച്ചാര്‍ജില്‍ വടകര എം.പി ഷാഫി പറമ്പിലിന് സാരമായ പരിക്ക്. ഇന്ന് (വെള്ളി) പേരാമ്പ്രയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാര്‍ജിലാണ് എം.പിക്ക് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ഷാഫി പറമ്പിലിനെ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂക്കില്‍ നിന്ന് ചോരയാലിക്കുന്ന മുഖവുമായി മാധ്യമങ്ങളോട് പ്രതികരിച്ച ഷാഫി പറമ്പില്‍, ഈ ചോര കൊണ്ട് സ്വര്‍ണപാളി വിവാദം ഇല്ലാതാക്കാമെന്ന് കരുതണ്ടായെന്ന് പറഞ്ഞു. പേരാമ്പ്ര സി.കെ.ജി.എം കോളേജിലെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലാണ് ലാത്തി ചാര്‍ജ് ഉണ്ടായത്.
നിലവില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ഡി.വൈ.എസ്.പിക്കും പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്രയില്‍ നടന്നത് പൊലീസിന്റെ നരനായാട്ടെന്ന് കോഴിക്കോട് എം.പി എം.കെ. രാഘവന്‍ പ്രതികരിച്ചു.
പൊലീസ് ലാത്തി ചാര്‍ജില്‍ കോഴിക്കോട് ജില്ലയിലുടനീളം വ്യാപക പ്രതിഷേധത്തിനാണ് യു.ഡി.എഫ് തയ്യാറെടുത്തിരിക്കുന്നത്. മാത്രമല്ല, ഇന്ന് (വെള്ളി) രാത്രി പത്ത് മണിക്ക് സെക്രട്ടറിയിട്ടിലേക്ക് മാര്‍ച്ച് നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
എറണാകുളത്ത് നൈറ്റ് മാര്‍ച്ച് ഉണ്ടാകുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് കേരള ഘടകം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
‘ഷാഫി പറമ്പില്‍ എം.പിയെ ആക്രമിച്ചത് സി.പി.എം.എം ക്രിമിനലുകളും സി.പി.ഐ.എമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേര്‍ന്നാണ്. നിരവധി യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചയും സ്വര്‍ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് മറക്കരുത്. സി.പി.ഐ.എമ്മിന് വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എ.കെ.ജി സെന്ററില്‍ നിന്നല്ലെന്നത് ഓര്‍ക്കണം,’ ലാത്തിച്ചാര്‍ജില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.
‘പരാജയം മണക്കുന്ന പിണറായിയുടെ സര്‍ക്കാര്‍ ഏത് വഴിയിലൂടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിന്റെ ആത്മവീര്യം തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,’ കെ.പി.സി.സി അധ്യക്ഷന്‍ സാനു ജോസഫ് പറഞ്ഞു.
പേരാമ്പ്ര സി.കെ.ജി.എം കോളേജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പിന്നാലെ പേരാമ്പ്ര ടൗണില്‍ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പേരാമ്പ്രയില്‍ ഇന്നലെ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി ഇന്ന് നടന്ന യു.ഡി.എഫ് പ്രകടനത്തിന് നേരെയാണ് ലാത്തി ചാര്‍ജ് ഉണ്ടായത്. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.
ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദിന് പരിക്കേറ്റിട്ടുവെന്ന് ആരോപിച്ച് സി.പി.ഐ.എമ്മും രംഗത്തെത്തിയതോടെയാണ് പൊലീസ് ലാത്തി വീശിയത്.
Content Highlight: Shafi Parambil’s face injured in police lathicharge