കോഴിക്കോട്: വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനം. ആര്‍.എസ്.എസിന്റെ ബോംബേറില്‍ ചെറുപ്പത്തിലെ കാല് നഷ്ടപ്പെട്ട ഡോ. അഷ്‌നയുടെ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് അറിയിച്ച് ഷാഫി പറമ്പില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് വിമര്‍ശനം. അഷ്‌നയ്ക്ക് നേരെ ബോംബെറിഞ്ഞത് ആര്‍.എസ്.എസാണെന്ന് പറയാതെയാണ് എം.പി പോസ്റ്റ് പങ്കുവെച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിനെതിരെ കടുത്ത വിമര്‍ശനമുയരുന്നത്.
‘സ്വന്തം വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ബോംബേറില്‍ കാല് നഷ്ടപ്പെടുക, അതും ആറാം വയസില്‍. ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായി തകര്‍ന്ന് പോകുമായിരുന്ന ഒരു ജീവിതത്തില്‍ വിധിയോട് പൊരുതി കൃത്രിമ കാലില്‍ പിച്ച വെച്ച് പഠിച്ച് വളര്‍ന്ന്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി എസ് എടുത്ത് ഡോക്ടറായി, തിരിച്ചടികളില്‍ പതറുന്നവര്‍ക്ക് അതിജീവതത്തിന്റെ വലിയ പ്രചോദനമായ ഡോ. അഷ്‌നയുടെ കല്യാണത്തിന് പ്രിയപ്പെട്ട കെ.പി.സി.സി പ്രസിഡന്റിനോടൊപ്പം പങ്കെടുത്തു. അഷ്‌നക്കും നിഖിലിനും സ്‌നേഹാശംസകള്‍,’ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പോസ്റ്റ്.
എന്നാല്‍ ആര്‍.എസ്.എസാണ് ബോംബെറിഞ്ഞതെന്ന് പറയാന്‍ ഷാഫി പറമ്പിലിന് പേടി കാണുമെന്ന് വിമര്‍ശകര്‍ പ്രതികരിച്ചു. ആര്‍.എസ്.എസിന്റെ പേര് പറയാന്‍ ഷാഫി പറമ്പിലിന് എന്തേ ധൈര്യമില്ലേയെന്നും ചിലര്‍ ചോദിക്കുന്നു.
‘എവിടുന്നോ പാറി വന്ന ബോംബ് ആയിരിക്കും. ഇതിപ്പോള്‍ ആര്‍.എസ്.എസ് ആയിപ്പോയി ബോംബെറിഞ്ഞത്. കമ്മികളായിരുന്നേല്‍ സാര്‍ ഒരു ലേഖനം തന്നെ എഴുതിയേനെ, ‘ ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ കൂട്ടുകക്ഷിയായ ആര്‍.എസ്.എസ് എറിഞ്ഞ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അഷ്ന എന്ന് ഷാഫി പറമ്പില്‍ തെളിച്ച് പറയണമെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.
2000ലെ തദ്ദേശ തെരഞ്ഞെടുപ്പിനിടെ സെപ്റ്റംബര്‍ 27ന് ഉണ്ടായ സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസുകാരുടെ ബോംബെറിലാണ് അഷ്നയുടെ കാല് നഷ്ടപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഷ്നയുടെ വലതുകാല്‍ മുട്ടിന് താഴേക്ക് മുറിച്ചുമാറ്റുകയായിരുന്നു. ബോംബേറില്‍ അഷ്നയുടെ അമ്മയ്ക്കും സഹോദരനും സാരമായി പരിക്കേറ്റിരുന്നു.
Content Highlight: Shafi Parambil faced criticizm after his post regarding Dr. Ashna’s wedding