‘അനര്‍ഹമായത് നേടിയോ മുസ്‌ലിങ്ങള്‍?‘ എന്ന തലക്കെട്ടില്‍ ഡോ. ഷാഹുല്‍ നൂറാനി എഴുതിയ ലേഖനം 2026 ജനുവരി 24ന് മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായം അവരുടെ ജനസംഖ്യാനുപാതത്തിനുമപ്പുറം അധികാരവും വിഭവങ്ങളും കൈവശം വച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയെന്ന നിലയിലാണ് ലേഖനം സ്വയം അവതരിപ്പിക്കുന്നത്.
എന്നാല്‍, ഈ ആരോപണം വാസ്തവവിരുദ്ധമാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിനിടെ ലേഖനം ഉയര്‍ത്തുന്ന രീതിശാസ്ത്രപരമായ പ്രശ്നങ്ങളും മൗനങ്ങളും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്.
കേരളത്തിലെ രണ്ട് പ്രബല മുന്നണികളായ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കണക്കുകളുടെ പശ്ചാത്തലത്തില്‍ താരതമ്യം ചെയ്യുകയാണ് ലേഖകന്‍ പ്രാഥമികമായി ചെയ്യുന്നത്.
സമുദായ താത്പര്യങ്ങളെയും ജാതി-മത അടിസ്ഥാനത്തിലുള്ള പങ്കുവെക്കലുകളെയും പരസ്യമായി അംഗീകരിക്കുന്ന മുന്നണിയാണ് യു.ഡി.എഫ് എന്നും, വര്‍ഗരാഷ്ട്രീയത്തിന്റെ ഭാഷയില്‍ സംസാരിച്ച് സമുദായ അസ്തിത്വത്തെ ഔപചാരികമായി നിഷേധിക്കുന്നതാണ് എല്‍.ഡി.എഎഫിന്റെ സമീപനമെന്നും ലേഖനം നിരീക്ഷിക്കുന്നു.
മുന്നണി രാഷ്ട്രീയത്തിന്റെ വ്യവസ്ഥാപിത ഘട്ടം മുതല്‍ക്കുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ജനസംഖ്യാനുപാതികമായ മന്ത്രിസഭാ പ്രാതിനിധ്യം മുസ്‌ലിങ്ങള്‍ക്ക് ലഭിച്ചത് യു.ഡി.എഫ് ഭരണകാലങ്ങളിലാണെന്നും, മുന്നണിക്കകത്തെ മുസ്‌ലിം ലീഗിന്റെ സ്ഥിര സാന്നിധ്യമാണ് അതിന് കാരണം എന്നുമാണ് ലേഖകന്റെ വാദം.
മുസ്‌ലിം ലീഗ് പതാക
എന്നാല്‍ ഇവിടെ ഒരു അടിസ്ഥാന ചോദ്യമുയരുന്നുണ്ട്: സമുദായ പ്രാതിനിധ്യം സിദ്ധാന്തപരമായി അംഗീകരിക്കുന്നില്ലെന്ന് തുറന്നു പറയുന്നുവെന്ന് ലേഖകന്‍ തന്നെ വിശദീകരിക്കുന്ന എല്‍.ഡി.എഫിനെയും, അതേ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ ഉപയോഗിച്ച് യു.ഡി.എഫുമായി താരതമ്യം ചെയ്യുന്നത് രീതി ശാസ്ത്രപരമായി എത്രത്തോളം ശരിയാണ്?
പ്രാതിനിധ്യത്തെ രാഷ്ട്രീയമായി നിഷേധിക്കുന്ന ഒരു മുന്നണിയെ അതേ മാനദണ്ഡം വെച്ച് വിലയിരുത്തുന്നത് തന്നെ ലേഖകന്റെ വാദത്തിന്റെ അടിത്തറ ദുര്‍ബലമാക്കുന്നുണ്ട്.
രസകരമായ ഒരു വസ്തുത എന്താണെന്നു വെച്ചാല്‍, കേരളം രൂപീകരിച്ചതിനുശേഷം എ.പി. സുന്നി വിഭാഗത്തില്‍ നിന്ന് ഒരാള്‍ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍, നിര്‍ണായക ചുമതലയില്‍, നിയമിതനായത് ഡോ. ഷാഹുല്‍ നൂറാനി എന്ന ഈ ലേഖകനാണ്.
നിലവിലെ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ രണ്ടരവര്‍ഷം മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിന്റെ പി.എയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇത്തരമൊരു വിചിത്രമായ താരതമ്യം മുന്നോട്ടുവയ്ക്കുന്നത്!
കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ സമുദായങ്ങളുടെയും പ്രതിനിധിയാണെന്ന് അവകാശപ്പെടുമ്പോഴും, മുസ്‌ലിം സമുദായത്തില്‍ നിന്ന് വരുന്നവരെ പാര്‍ട്ടി അധികാരഘടനയില്‍ വേണ്ടത്ര ഉള്‍പ്പെടുത്തുന്നില്ലെന്ന വിമര്‍ശനവും ലേഖനം ഉന്നയിക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയ വിഷയങ്ങള്‍ മുഴുവന്‍ മുസ്‌ലിം ലീഗിലേക്ക് ചുരുക്കുന്ന കോണ്‍ഗ്രസിന്റെ ഈ സമീപനം, സമുദായത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍ പരിമിതപ്പെടുത്തുന്നതായി മാറുന്നു.
ഈ നിരീക്ഷണം പ്രസക്തമാണ്. അതേസമയം സാമുദായിക പ്രതിനിധ്യത്തെ മാത്രം ആധാരമാക്കിയുള്ള രാഷ്ട്രീയ വിശകലനത്തിന്റെ ഗൗരവമുള്ള പരിമിതി കൂടിയാണിത്. ഇത്തരമൊരു സമീപനം സമുദായത്തിനകത്ത് നിന്നുയരുന്ന വ്യത്യസ്തമായ ആവശ്യങ്ങളെ തിരിച്ചറിയുന്നതിനോ, അവ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനോ സഹായിക്കുന്നില്ല.
സമൂഹത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായ ഒരു പൊതു ഗുണഭോക്താവെന്ന നിലയിലേക്ക് മുസ്‌ലിങ്ങളെ ഉയര്‍ത്തുന്നതിന് പകരം, എല്ലാ ആവശ്യങ്ങളും സമുദായത്തിന്റെ പേരില്‍ മാത്രം ഉന്നയിക്കപ്പെടുകയും സമുദായത്തിലൂടെയേ അവ പരിഹരിക്കപ്പെടൂ എന്ന കാഴ്ചപ്പാട് മുസ്‌ലിങ്ങള്‍ക്ക് എത്രത്തോളം ഉപകാരപ്പെടുന്നു എന്നത് ഗൗരവമായി പരിശോധിക്കപ്പെടണം.
മുസ്‌ലിം ലീഗിന് ലഭിക്കുന്നതോ, എ.പി. സുന്നികള്‍ക്ക് ലഭിക്കുന്നതോ, അല്ലെങ്കില്‍ ഏതാനും സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതോ ആയ പ്രത്യേക പ്രാതിനിധ്യങ്ങള്‍, സൗകര്യങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവയെ സമുദായം മുഴുവന്‍ നേടിയ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നതാണ് ഇതിലെ ഏറ്റവും വലിയ ദുരന്തം.
ഇതിന്റെ ഫലമായി, സമൂഹത്തിന്റെ സമഗ്രവും തിരശ്ചീനവുമായ വികസനത്തിന്റെ ഗുണഭോക്താക്കളായി മുസ്‌ലിങ്ങളെ കാണുന്നതിനുപകരം, ലംബമായ വികസനത്തിന്റെ പരിധിയില്‍ മാത്രം ഉള്‍പ്പെടുന്ന ഗുണഭോക്താക്കളായി അവരെ പൊതുവില്‍ അവതരിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യപ്പെടുന്നു.
സമുദായത്തിനകത്തെ വിവിധ ഘടകങ്ങളില്‍, ശ്രേണികളില്‍, ഉപവിഭാഗങ്ങളില്‍ ഈ പ്രാതിനിധ്യം എങ്ങിനെയാണ് ആഭ്യന്തരമായി വിതരണം ചെയ്യപ്പെടുന്നത് എന്ന ചോദ്യത്തെ ലേഖനം സ്പര്‍ശിക്കുന്നില്ല. ഇവിടെയാണ് ലേഖനത്തിന്റെ ഏറ്റവും വലിയ മൗനം.
മുസ്‌ലിങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങളും വിഭവങ്ങളും ലഭിച്ചിട്ടില്ലെന്നത് ഒരു വസ്തുതയാണ്. അതിന് ഇരു മുന്നണികളും ഒരുപോലെ ഉത്തരവാദികളുമാണ്. എന്നാല്‍ അതിനോടൊപ്പം തന്നെ, സമുദായ സംഘടനകളുടെയും നേതൃത്വങ്ങളുടെയും കഴിവുകേടും രാഷ്ട്രീയ ദൗര്‍ബല്യവും ഈ പരാജയത്തിന്റെ ഭാഗമാണ്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍
കഴിഞ്ഞ 25 വര്‍ഷത്തിനിടെ വിവിധ മുസ്‌ലിം സംഘടനകള്‍, പ്രത്യേകിച്ചും ലേഖകന്‍ പ്രതിനിധാനം ചെയ്യുന്ന എ.പി. സുന്നി വിഭാഗം വിവിധ സര്‍ക്കാരുകളോട് ഉന്നയിച്ച ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു? അവയില്‍ ഏതൊക്കെ ആവശ്യങ്ങള്‍ ഏതേതു സര്‍ക്കാരുകള്‍ പരിഹരിച്ചു? അവയില്‍ പൊതുസമുദായത്തെ ബാധിച്ച വിഷയങ്ങള്‍ ഏതൊക്കെയായിരുന്നു, പ്രത്യേക വിഭാഗങ്ങളെയോ വ്യക്തികളെയോ സ്ഥാപനങ്ങളെയോ മാത്രം ബാധിച്ച ആവശ്യങ്ങള്‍ ഏതൊക്കെയായിരുന്നു?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ ”പ്രാതിനിധ്യം” എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വ്യക്തമാകൂ. അതു വ്യക്തമാക്കാതെ, പുറമേക്ക് മാത്രം ഉന്നയിക്കാനുള്ള ചോദ്യമായി പ്രാതിനിധ്യത്തിന്റെ പ്രശ്നത്തെ മനസ്സിലാക്കിയാല്‍, അത് യഥാര്‍ത്ഥ രാഷ്ട്രീയ വിശകലനമായി മാറുകയില്ല; മറിച്ച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒരു വാചകാഭ്യസമായി മാത്രമേ അവശേഷിക്കൂ.
രാഷ്ട്രീയ പ്രാതിനിധ്യത്തിന് വ്യവസ്ഥാപിത രീതികളില്ലാത്തിടത്തോളം കാലം സാമുദായിക പ്രാതിനിധ്യം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രായോഗികവത്കരിക്കുന്നതിന് ആവശ്യമായ സോഷ്യല്‍ എഞ്ചിനീയറിങ് സമുദായത്തിന്റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകണം.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തപ്പോള്‍ അതിനെ അനുകൂലിക്കുന്ന സമീപനമാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ചിരുന്നത്. ആര് ഭരിക്കുന്നു എന്നതല്ല നീതി ഉറപ്പാക്കുന്നു എന്നതിലാണ് പ്രധാനം
Content Highlight: Shabin Muhammad responds to Dr. Shahul Noorani’s article