മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മ തന്റെ ഹിറ്റ് ഗാനങ്ങൾ പിറന്ന വഴിയെക്കുറിച്ച് തുറന്ന് പറയുകയാണ്. പ്രേമം സിനിമയിലെ ജനപ്രിയ ഗാനങ്ങളായ ‘അവൾ വേൺട്ര’, ‘കണ്ണ് ചുവക്കണ്’ എന്നിവ എങ്ങനെ രൂപം കൊണ്ടുവെന്ന അനുഭവമാണ് ശബരീഷ് പങ്കുവെച്ചത്. ഷെഫ് നളന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
ശബരീഷ് വർമ, Photo: YouTube/ Screengrab
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം സിനിമയിലൂടെയാണ് ശബരീഷ് സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രേമം സിനിമയിലൂടെ നടനായും ഗാനരചയിതാവായും വലിയ സ്വീകാര്യത നേടുകയായിരുന്നു. സിനിമയിലെ പാട്ടുകൾക്ക് യുവാക്കൾക്കിടയിൽ ഇന്നും വലിയ ആരാധക പിന്തുണയുണ്ട്.
‘സീൻ കോൺട്രാ’ എന്ന വാക്ക് എങ്ങനെ തന്റെ ഗാനത്തിലേക്ക് എത്തിയെന്നതും ശബരീഷ് അഭിമുഖത്തിൽ വിശദീകരിച്ചു. ഒരു ഷോർട്ട് ഫിലിമിനായി പാട്ട് എഴുതുന്നതിനിടെയാണ് ആ വാക്ക് കണ്ടെത്തിയതെന്ന് താരം പറഞ്ഞു. തന്റെ സുഹൃത്തായ കിച്ചുവിനോടാണ് അദ്ദേഹം ഉപദേശം ചോദിച്ചതെന്നും ശബരീഷ് ഓർത്തെടുത്തു.
‘ഇത് മൊത്തം പ്രശ്നമാകും’ എന്ന് പറഞ്ഞപ്പോൾ, ‘അങ്ങനെ പറയരുത്, ഇപ്പോൾ നാട്ടിൽ സീൻ കോൺട്രായായി എന്നാണ് പറയുന്നത്’ എന്ന് കിച്ചു പറഞ്ഞുവെന്നാണ് ശബരീഷ് പറയുന്നത്. ആ വാക്കിന്റെ രസമാണ് പിന്നീട് ഗാനത്തിലേക്ക് വഴിമാറിയത്.
‘വേറെ ഒരു പരിപാടിക്ക് വേണ്ടീട്ടാണ് സീൻ കോൺട്രാ എന്ന പാട്ട് എഴുതുന്നത്. ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തീരുമാനിച്ചിരുന്നു അങ്ങനെ പാട്ടിൽ തുടങ്ങാം എന്ന് കരുതി എഴുതിയതാണ്.
ഈ കാര്യത്തിൽ എന്നെ ഉപദേശിക്കുന്ന ഒരുത്തനാണ് കിച്ചു. അത്യാവശ്യം അറിയപ്പെടുന്ന ഒരു വലിയ കോഴിയായിരുന്നു അവൻ നാട്ടിൽ. അവനെ വിളിച്ചാണ് ഞാൻ ഉപദേശം ചോദിക്കുന്നത്.
അങ്ങനെ അവനോട് ഇത് മൊത്തം പ്രശ്നമാകും എന്ന് പറഞ്ഞപ്പോൾ അവനാണ് പറഞ്ഞത് അങ്ങനെ പറയരുത് ഇപ്പോൾ നാട്ടിൽ സീൻ കോൺട്രായായി എന്നാണ് പറയുന്നത് എന്ന്,’ ശബരീഷ് പറഞ്ഞു.
‘അവൾ വേൺട്ര, സീൻ കോൺട്രാ’ എന്ന റൈമിങ് അവിടെ നിന്നാണ് ലഭിച്ചതെന്നും താരം വ്യക്തമാക്കി. പിന്നീട് അൽഫോൺസ് പുത്രൻ നേരം സിനിമയ്ക്കായി മാറ്റിവെച്ചിരുന്ന ഒരു ട്രാക്കിനൊപ്പം ഈ വരികൾ പരീക്ഷിച്ചപ്പോൾ അത് പാട്ടായി മാറുകയായിരുന്നു.
ഇതേ രീതിയിലാണ് ‘കണ്ണ് ചുവക്കണ്’ എന്ന ഗാനവും പിറന്നതെന്ന് ശബരീഷ് പറഞ്ഞു. സാധാരണ സംഭാഷണങ്ങളിലെയും നാട്ടുഭാഷയിലെയും വാക്കുകൾ ഉപയോഗിച്ചാണ് തന്റെ പാട്ടുകൾ രൂപം കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ ഭാഷയും അവരുടെ ജീവിതരീതികളും മനസിലാക്കി എഴുതുന്ന വരികളാണ് തന്റെ ഗാനങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നതെന്നും ശബരീഷ് കൂട്ടിച്ചേർത്തു.
Content Highlight: Shabarish Varma talks about the way the song for the movie Premam came about