നടൻ , ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ശബരീഷ് വർമ്മ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ പ്രേമത്തിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംനേടി. അഭിനയത്തിന് പുറമെ പ്രേമം സിനിമയിലെ ട്രെൻഡ് സെറ്ററുകളായ മലരേ, സീൻ കോൺട്രാ ഉൾപ്പെടെയുള്ള തരംഗമായി മാറിയ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് വരികളെഴുതിയതും ശബരീഷ് തന്നെയായിരുന്നു. ഇപ്പോഴിതാ പ്രേമത്തിലെ ഗാനങ്ങളെ കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് താരം. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശബരീഷ് വർമ.
ശബരീഷ് വർമ.photo.screen grab/youtube
‘പ്രേമത്തിലേക്ക് ഞാൻ ചുമ്മാ എഴുതിയ രണ്ട് പാട്ടുകൾ എടുത്തിട്ടുണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു സീൻ കോൺട്രാ. ശരിക്കും ആ പാട്ട് എഴുതുന്നത് എന്റെ ഒരു ഷോർട്ട് ഫിലിമിന് വേണ്ടിയായിരുന്നു. ആ സിനിമ ഒരു പാട്ടിൽ തുടങ്ങാം എന്നായിരുന്നു പ്ലാൻ. ലവ് ഫെയ്‌ല്യുർ ആയിരുന്നു വിഷയം. അന്നത്തെ എന്റെ സാഹചര്യവും അങ്ങനെത്തന്നെയായിരുന്നു.
അന്ന് ബ്രേക്കപ്പിന്റെ കാര്യങ്ങളിലൊക്കെ എന്നെ ഉപദേശിക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു, കിച്ചു. അത്യാവശ്യം നാട്ടിലെ അറിയപ്പെടുന്ന ഒരു കോഴിയായിരുന്നു ആള്. ഞാൻ അവനെ വിളിച്ചിട്ട് പ്രശ്നമാണ് അളിയാ എന്നൊക്കെ പറഞ്ഞപ്പോൾ അവൻ പറഞ്ഞു, ഹേ അങ്ങനെ പറയരുത്, ഇപ്പോൾ നാട്ടിൽ ആകെ പ്രശ്നമായി എന്നതിന് സീൻ കോൺട്രയായി എന്നാണ് പറയുന്നത് എന്ന്.
ആ വാക്ക് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു രസം തോന്നി. അങ്ങനെ ഞാൻ ചിന്തിച്ചിരുന്നപ്പോഴാണ് അവൾ വേണ്ട്ര, സീൻ കോൺട്രാ എന്ന റൈമിംഗ് കിട്ടുന്നത്. അപ്പോൾത്തന്നെ ഞാൻ വരികൾ എഴുതി രാജേഷിനോട് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു, അവന്റെ കയ്യിൽ നേരം സിനിമയിൽ റിജക്ട് ചെയ്ത ഒരു ട്രാക്ക് ഉണ്ടെന്നും അത് ഈ വരികളിൽ ചേർക്കാമെന്നും പറഞ്ഞു. അങ്ങനെ എല്ലാം സെറ്റ് ആക്കിയപ്പോൾ കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
അങ്ങനെ ഒരു പാട്ട് കയ്യിൽ കിട്ടി. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ഞങ്ങൾ ഒരു പ്ലാൻ ഇട്ടു, നമുക്ക് യൂറോപ്പ്, റോം, ഇറ്റലിയിലൊക്കെ പോയിട്ട് സിംഗിൾ ആയിട്ടു ഷൂട്ട് ചെയ്ത് ഒരു മ്യൂസിക് വീഡിയോ ആക്കാം എന്ന്. പിന്നെ അടുത്ത പാട്ടാണ് കലിപ് . അതും വെറുതെ എഴുതി നോക്കി പാടിയപ്പോൾ അൽഫോൻസ് പറഞ്ഞു, എന്റെ കയ്യിൽ വേറെയും നേരത്തിൽ റിജക്ട് ചെയ്ത ട്രാക്ക് ഇരിപ്പുണ്ട്, അതിന്റെ ഒപ്പം ചേർത്തു നോക്കാം എന്ന്. അങ്ങനെ അത് ചെയ്തു നോക്കിയപ്പോളും സെറ്റായി.
പക്ഷെ ഇത് അൽഫോൻസിനെ കേൾപ്പിച്ചപ്പോൾ അവൻ പറഞ്ഞു, ഇത് വേറെ ഒരു പടത്തിന് നന്നായിട്ട് യോജിക്കും എന്ന്. അങ്ങനെ അതും മാറ്റിവെച്ചു. പിന്നീട് പ്രേമം സിനിമ ഓൺ ആയിക്കഴിഞ്ഞപ്പോൾ ഈ രണ്ടു പാട്ടുകളും അതിൽ ഉപയോഗിക്കാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു,’ ശബരീഷ് വർമ പറഞ്ഞു.
സീൻ കോൺട്രാ.പ്രേമം.Photo.Screen grab/youtube