| Tuesday, 5th August 2025, 11:14 am

നിവിനെ നായകനാക്കി അല്‍ഫോണ്‍സ് ഒരുക്കുന്ന സിനിമ; ചര്‍ച്ചകള്‍ നടക്കുന്നു: ശബരീഷ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ് നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും തങ്ങളുടെ പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2022ല്‍ ഗോള്‍ഡ് എന്ന സിനിമക്ക് ശേഷം സംവിധാന കരിയറില്‍ നിന്ന് ഇടവേള എടുത്ത അല്‍ഫോണ്‍സ് വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചുവരുന്നു എന്നത് തന്നെയാകും ഈ ചിത്രത്തിന്റെ പ്രത്യേകത.

ഇപ്പോള്‍ അല്‍ഫോണ്‍സും നിവിനും മറ്റു സുഹൃത്തുക്കളും ചേര്‍ന്നുള്ള സിനിമ ഉടനെയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ ശബരീഷ് വര്‍മ. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് ഒരുക്കുന്ന സിനിമ പ്ലാനിലുണ്ടെന്നാണ് ശബരീഷ് പറയുന്നത്. പക്ഷേ എല്ലാവരും ഇപ്പോള്‍ തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയുടെ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുകയാണെന്നും അധികം വൈകാതെ സിനിമ വരുമെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ സിനിമ ചെയ്യാമെന്ന ഐഡിയ തന്റെ തലയിലേക്കിടുന്നത് അല്‍ഫോണ്‍സാണെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. എം.ഇ.എസ് കോളേജിലെ അവസാനവര്‍ഷം ആയപ്പോള്‍ നമുക്ക് ഒരു ഷോര്‍ട്ട് ഫിലിം ചെയ്താലോയെന്ന് അല്‍ഫോണ്‍സ് ചോദിക്കുകയായിരുന്നെന്നും അങ്ങനെയാണ് തങ്ങളുടെ സിനിമാപിടിത്തം തുടങ്ങിയതെന്നും ശബരീഷ് പറഞ്ഞു.

‘ആലുവ എം.ഇ.എസ് കോളേജ് മാറമ്പള്ളിയിലാണ് അല്‍ഫോണ്‍സും ഞാനും കിച്ചുവും (കൃഷ്ണശങ്കര്‍) ഡിഗ്രി ചെയ്തത്. അല്‍ഫോണ്‍സ് ഞങ്ങളുടെ സീനിയറായിരുന്നു. എക്‌സ്ട്രാകരിക്കുലര്‍ ആക്ടിവിറ്റിയില്‍ ഒരു പൊടിക്ക് എക്‌സ്ട്രാ ആക്ടീവായിരുന്നു ഞങ്ങള്‍,’ ശബരീഷ് വര്‍മ പറയുന്നു.

സുഹൃത്തുക്കളുടെ സിനിമകള്‍ ചെയ്യാന്‍ തനിക്ക് വലിയ ഇഷ്ടമാണെന്ന് പറയുന്ന നടന്‍ അങ്ങനെയാണ് താന്‍ ഇതുവരെ കൂടുതല്‍ സിനിമകളും ചെയ്തിട്ടുള്ളതെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘അല്‍ത്താഫ്, ജൂഡ് ആന്തണി ജോസഫ്, ഷിനോസ്, സജാസ് തുടങ്ങി മിക്കവരും സുഹൃത്തുക്കളാണ്. ചെറുപ്പംതൊട്ട് കൂടെ പഠിച്ചവരും നാട്ടുകാരും പാടത്ത് ക്രിക്കറ്റ് കളിച്ചവരും. അങ്ങനെയൊക്കെ കൂട്ടുകൂടിയവരാണ്. സിനിമയായിരുന്നു ഞങ്ങളുടെ പൊതുവിഷയം. സിനിമ സ്വപ്നം കണ്ടവരെല്ലാവരും സിനിമയിലെത്തി എന്നതാണ് സന്തോഷം,’ ശബരീഷ് വര്‍മ പറഞ്ഞു.

Content Highlight: Shabareesh Varma Talks About Nivin Pauly – Alphonse Puthren Upcoming Movie After Premam

We use cookies to give you the best possible experience. Learn more