| Thursday, 23rd July 2026, 7:05 pm

ക്രഷോ ഇൻഫാക്‌ചുവേഷനോ അല്ല, തള്ളിത്തെറിക്കുന്ന പ്രണയമായിരുന്നു ആ വരികളിൽ വേണ്ടിയിരുന്നത്: ശബരീഷ് വർമ്മ

നന്ദന. ടി

നടൻ , ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ശബരീഷ് വർമ്മ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ പ്രേമംത്തിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടി.

അഭിനയത്തിന് പുറമെ  പ്രേമം സിനിമയിലെ ട്രെൻഡ് സെറ്ററുകളായ മലരേ, സീൻ കോൺട്രാ ഉൾപ്പെടെയുള്ള തരംഗമായി മാറിയ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് വരികളെഴുതിയതും ശബരീഷ് തന്നെയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മലരേ എന്ന ഗാനത്തെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് താരം. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശബരീഷ് വർമ്മ.

ശബരീഷ് വർമ്മ.photo.screen grab/youtube

മലരേ എന്ന പാട്ടിൽ മലർ എന്ന കഥാപാത്രത്തെ കാണുമ്പോൾ ജോർജിനുള്ളിലെ വികാരങ്ങളാണ് തെളിമാനം മഴവില്ലിൻ നിറമണിയും പോലെ, നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ  എന്നീ വരികളിൽ പറയുന്നത്. ഇത്തരത്തിലൊരു ഭാഷ വരാൻ പ്രധാന കാരണം അൽഫോൻസ് വന്നിട്ട് പവിഴം പോൽ, പവിഴാർദ്രവം പോൽ എന്നൊക്കെ പോലെയുള്ള മലയാളം വരികൾ പോലെ വരണം എന്ന് പറഞ്ഞതുകൊണ്ടാണ്.

കാരണം, സിനിമയിലെ നായക കഥാപാത്രത്തിന് പക്വത വരുകയാണ്. അവിടെ കാമുകന് വെറുമൊരു ക്രഷോ ഇൻഫാക്ചുവേഷനോ അല്ല ഉള്ളത്, മലരിനോടുള്ള പ്രണയം ഉള്ളിൽ നിന്ന് തള്ളിത്തെറിക്കണം, ആ ഒരു റൊമാന്റിക് ഫീൽ വരണം. അങ്ങനെ ഒരു ദിവസം നേരം വെളുക്കുന്നതിന് മുൻപ് പാട്ടെഴുതി തീർത്തു. ബാക്കിയുള്ളവർ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ. അവരെയെല്ലാം പാടി കേൾപ്പിച്ച് അഭിപ്രായം കേട്ടിട്ട് വേണമായിരുന്നു സമാധാനമായി ഉറങ്ങാൻ.

അങ്ങനെ അൽഫോൻസിന് പാട്ട് കൊടുത്തപ്പോൾ ഓക്കെയായി. ഇനി അടുത്ത വരികൾക്കായുള്ള കാത്തിരിപ്പാണ്. മലർ എന്ന വാക്കിൽ തുടങ്ങി മലർ  എന്ന വാക്കിൽ തന്നെ അവസാനിപ്പിക്കണം എന്ന് എനിക്കൊരു നിർബന്ധമുണ്ടായിരുന്നു. അതിനിടയിലേക്ക് വേണ്ട വരികളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. മലരിനെ കണ്ടപ്പോഴുള്ള വികാരങ്ങളാണ് ആദ്യം എഴുതിയതെങ്കിൽ, ഒരുപക്ഷേ ഇനി മലരിനെ കണ്ടില്ലെങ്കിലോ എന്ന ചിന്തയിൽ നിന്നാണ് രണ്ടാമത്തെ ഭാഗം എഴുതിയത്. അങ്ങനെയാണ് മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ… എന്ന വരികൾ കിട്ടുന്നത്.

ആ വരികൾ കിട്ടിയപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസമായി. അങ്ങനെ വീണ്ടും അവസാനത്തെ ആ മലരേ എന്ന വാക്കിലേക്ക് തന്നെ എത്തിക്കാനുള്ള ആലോചനയിലായി. ഒടുവിൽ അലത്തലും പ്രണയത്താൽ ഉണരും മലരേ.’ എന്ന് കിട്ടിയപ്പോൾ ആ ആഗ്രഹിച്ച പോലെ തന്നെ വരികൾ പൂർത്തിയായി. അത് കിട്ടിയ സന്തോഷത്തിൽ ഞാൻ തുള്ളിച്ചാടുകയായിരുന്നു ഉടൻ തന്നെ ഞാൻ സ്റ്റുഡിയോയിൽ പോയി എല്ലാവരെയും പാട്ട് കേൾപ്പിക്കുകയും ചെയ്തു,’ ശബരീഷ് പറഞ്ഞു.

പ്രേമം.photo.IMDb

Contnet Highlight: Shabareesh varma talks about Malare song from premam movie

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more