| Friday, 8th August 2025, 3:04 pm

ആ സിനിമയിലെ എന്റെ ലുക്ക് കണ്ടിട്ട് ആര്‍ക്കും മനസിലായില്ല: ശബരീഷ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേരം സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ശബരീഷ് വര്‍മ. അല്‍ഫോണ്‍സ് പുത്രന്റെ തന്നെ പ്രേമത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി. ഗാനരചയിതാവ് എന്ന നിലയിലും ശബരീഷ് സുപരിചിതനാണ്.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പന്ത്രണ്ട് വര്‍ഷത്തെ സിനിമായാത്രയെ കുറിച്ച് ശബരീഷ് സംസാരിക്കുന്നു.

‘സിനിമ സ്വപ്നംകണ്ട് തുടങ്ങിവെച്ചതാണ് ഇതെല്ലാം. മുന്നോട്ടും സിനിമയില്‍ത്തന്നെ തുടരണമെന്നാണ് ആഗ്രഹം. ഇന്ന ആളുകള്‍ക്കൊപ്പമോ സംവിധായകര്‍ക്കൊപ്പമോ എന്നില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അത് ആര് കൊണ്ടുത്തന്നാലും സ്വീകരിക്കും. ജനങ്ങള്‍ സ്വീകരിക്കുന്ന, അവരുടെ ഉള്ളില്‍ പതിയുന്ന കഥാപാത്രങ്ങള്‍ ചെയ്യുക. എന്നെ എന്റര്‍ടെയിന്‍ ചെയ്ത ആര്‍ട്ടിസ്റ്റുകളെപ്പോലെ ഒരുദിവസം എനിക്കും പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ കഴിയണം,’ശബരീഷ് പറയുന്നു.

ആളുകളെ ചിരിപ്പിക്കാന്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കാണ് കൂടുതല്‍ റീച്ച് കിട്ടുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ചിരിപ്പിക്കുന്നവരെയും ചൊറിയുന്നവരെയും ആളുകള്‍ ഒരിക്കലും മറക്കില്ലെന്നും കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ ആരും മറക്കില്ലെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു.

‘മരണം വരെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമായി ജീവിക്കണം. ഏത് ഭാഷയില്‍നിന്ന് വിളിച്ചാലും ഞാന്‍ അഭിനയിക്കും. ഇപ്പോള്‍ ലുക്കിലും മാറ്റംവരുത്തുന്നുണ്ട്. പക്ഷേ, അപ്പോഴൊക്കെ ആളുകള്‍ എന്നെ തിരിച്ചറിയാതെപോകുന്നുണ്ട്. കണ്ണൂര്‍ സ്‌ക്വാഡിലെയും പ്രാവിന്‍കൂട് ഷാപ്പിലെയുമൊക്കെ ലുക്ക് കണ്ടിട്ട് പെട്ടെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. ‘ഇതെല്ലാം ഒരാളാണ് ചെയ്തത് എന്ന് തിരിച്ചറിയുന്ന ഒരു ദിവസംവരും, അപ്പോള്‍ എല്ലാവരും അത്ഭുതപ്പെടും’ എന്ന് അല്‍ഫോണ്‍സ് പറയാറുണ്ട്,’ശബരീഷ് പറയുന്നു.

Content highlight: Shabareesh  varma talks about his twelve-year film journey

We use cookies to give you the best possible experience. Learn more